പുതിയ നിയമവുമായി അസം സര്‍ക്കാര്‍ ; മാതാപിതാക്കളെ പരിപാലിക്കാത്തവരുടെ ശമ്പളം വെട്ടിച്ചുരുക്കും

Himanta-Biswa-Sarma

ഗുവാഹത്തി : ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടിക പുറത്തിറങ്ങിയതിന് പിന്നാലെ പുതിയ നിയമവുമായി അസം സര്‍ക്കാര്‍. മാതാപിതാക്കളെ പരിപാലിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ചുള്ളതാണ് സര്‍ക്കാരിന്റെ പുതിയ നിയമം.

സ്വന്തമായി വരുമാനമില്ലാത്ത പ്രായമായ മാതാപിതാക്കളെയും ഭിന്നശേഷിക്കാരായ സഹോദരങ്ങളേയും പരിപാലിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരുടെ ശമ്പളം വെട്ടിച്ചുരുക്കുന്നതാണ് നിയമം. ഒക്‌ടോബര്‍ രണ്ടു മുതല്‍ ഇത് നടപ്പിലാക്കാനാണ് തീരുമാനം.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രക്ഷിതാക്കളെ പരിപാലിക്കുന്നത് ഉറപ്പാക്കുന്നതിനുള്ള ‘പ്രണാം'(അസം എംപ്ലോയീസ് പാരന്റ്‌സ് റെസ്‌പോന്‍സിബ്‌ലിറ്റി ആന്റ് നോംസ് ഫോര്‍ അക്കൗണ്ടബ്‌ലിറ്റി ആന്റ് മോണിറ്ററിങ്) എന്ന നിയമം കഴിഞ്ഞ വര്‍ഷം സംസ്ഥാന നിയമസഭ പാസാക്കിയിരുന്നു.

ഒക്‌ടോബറില്‍ കര്‍ശനമായ പുതിയ നിയമം നടപ്പിലാവുന്നതോടെ ഇത്തരത്തില്‍ നിയമം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി അസം മാറും.

മാതാപിതാക്കളെ പരിപാലിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് പത്ത് ശതമാനം വെട്ടിക്കുറക്കുകയും അത് മാതാപിതാക്കളുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യുമെന്ന് അസം മന്ത്രി ഹിമന്ദ ബിശ്വ ശര്‍മ പറഞ്ഞു. ഏതെങ്കിലും സഹോദരങ്ങളും ഇത്തരത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം പരിപാലിക്കപ്പെടാതിരിക്കുന്നുണ്ടെങ്കില്‍ 15 ശതമാനം വരെ ശമ്പളത്തില്‍നിന്ന് വെട്ടിക്കുറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Top