കൊല്‍ക്കത്ത : അസം ദേശീയ പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ ബി ജെ പിക്കെതിരേ പ്രതിഷേധം ശക്തമാക്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കവിതാ രൂപത്തിലാണ് മമത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.
സ്വത്വം എന്ന തലക്കെട്ടില്‍ മമത എഴുതിയ കവിത അവര്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചു. ബംഗാളി ഭാഷയില്‍ എഴുതിയ കവിതയില്‍ ഖണ്ഡികകളാണുള്ളത്. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയും അവര്‍ ഫേസ്ബുക്ക് അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആരാണു നിങ്ങള്‍, എന്താണു നിങ്ങളുടെ കുടുംബപ്പേര്, ഏതാണു നിങ്ങളുടെ മതം എന്നു തുടങ്ങുന്ന ആദ്യ ഖണ്ഡിക, ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലെങ്കില്‍ നിങ്ങള്‍ക്ക് ഈ ലോകത്ത് സ്ഥാനമില്ലെന്നു പറയുന്നു. എന്താണു നിങ്ങളുടെ സ്വത്വം, എവിടെയാണു നിങ്ങള്‍ ജീവിക്കുന്നത്, എവിടെയാണു നിങ്ങള്‍ പഠിച്ചത് എന്നു ചോദിക്കുന്ന രണ്ടാം ഖണ്ഡികയില്‍, ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ രാജ്യദ്രോഹിയാകുമെന്നും മമത പരിഹസിക്കുന്നു.
ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെ നേരത്തെയും മമത വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയും അടക്കമുള്ള നേതാക്കളുമായി മമത വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ അസം പൊലീസ് മമതയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, ആഭ്യന്തരകലാപമുണ്ടാകുമെന്ന പരാമര്‍ശം താന്‍ നടത്തിയിട്ടില്ലെന്നും മമത ബാനര്‍ജി പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ ഇന്ത്യാക്കാരെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ രാജ്യത്ത് രക്തപ്പുഴ ഒഴുകുമെന്നും ജനകീയ പ്രക്ഷോഭമുണ്ടാകുമെന്നും ആയിരുന്നു മമതയുടെ ഭീഷണി. അസം ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയില്‍ നിന്ന് 40 ലക്ഷത്തോളം പേരാണ് പുറത്തായിട്ടുള്ളത്.