ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു;19 ലക്ഷത്തിലധികം പേര്‍ പുറത്ത്

അസം : അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ വഴിയാണ് പട്ടിക കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. 3 കോടി 11 ലക്ഷം ആളുകള്‍ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടു. 19 ലക്ഷത്തിലധികം ആളുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

40.37 ലക്ഷം പേര്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പുറത്തുവിട്ട കരട് പൗരത്വ പട്ടികയില്‍ നിന്നും പുറത്തായിരുന്നു. പട്ടികയില്‍ നിന്ന് പുറത്തായവരെ ഉടന്‍ വിദേശികളായി കണക്കാക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇവരുടെ ഭാഗം കേള്‍ക്കുന്നതിന് 1000 ട്രൈബ്യൂണലുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിക്കുകയും ചെയ്തിരുന്നു. നിലവില്‍ 100 ട്രൈബ്യൂണലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അതേസമയം, അന്തിമ പട്ടിക പുറത്തു വന്ന സാഹചര്യത്തില്‍ അസമിലെ വിവിധ ജില്ലകളില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കി.

2013-ലാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. അസം അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.

1971 മാര്‍ച്ച് 25 എന്ന കട്ട്ഓഫ് ഡേറ്റിന് ശേഷം അസമിലേക്ക് കുടിയേറിയവരെയാണ് പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കിയതെന്നാണ് കേന്ദ്രസര്‍ക്കാറിന്റെയും അസം സര്‍ക്കാറിന്റെയും നിലപാട്. എന്നാല്‍ പൗരത്വ പട്ടികയില്‍ നിന്നും നിലവില്‍ പുറത്തായ 41 ലക്ഷം പേരില്‍ മിക്കവരും ഈ കട്ട് ഓഫ് ഡേറ്റിനും പതിറ്റാണ്ടുകള്‍ മുമ്പെ അസമിലെ താമസക്കാരാണ് എന്നാണ് പരാതി ഉയര്‍ന്നത്. പരാതിക്കാര്‍ക്ക് രേഖകള്‍ സമര്‍പ്പിച്ച് പട്ടികയില്‍ വീണ്ടും ഇടം കണ്ടെത്താനും തെറ്റുകള്‍ തിരുത്തി പുതിയ പൗരത്വ പട്ടിക രൂപീകരിക്കാനും സുപ്രിം കോടതി നല്‍കിയ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്.

Top