അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍; കോണ്‍ഗ്രസിന്റെ അടിയന്തര നേതൃയോഗം ഇന്ന്

soniya gandhi

ന്യൂഡല്‍ഹി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ വിഷയം ചര്‍ച്ച ചെയ്യുന്നതിന് കോണ്‍ഗ്രസ് അടിയന്തര നേതൃയോഗം ഇന്ന് ചേരും. പാര്‍ട്ടി ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിലാണ് യോഗം ചേരുക.

ഇന്ന് പ്രസിദ്ധീകരിച്ച പട്ടികയില്‍ 3 കോടി 11 ലക്ഷം ആളുകള്‍ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടപ്പോള്‍ 19 ലക്ഷത്തിലധികം ആളുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പട്ടികയില്‍ നിന്ന് പുറത്തായവരുടെ ഭാഗം കേള്‍ക്കുന്നതിന് 1000 ട്രൈബ്യൂണലുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ 100 ട്രൈബ്യൂണലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഓണ്‍ലൈന്‍ വഴിയാണ് പട്ടിക കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. 40.37 ലക്ഷം പേര്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പുറത്തുവിട്ട കരട് പൗരത്വ പട്ടികയില്‍ നിന്നും പുറത്തായിരുന്നു. പട്ടികയില്‍ നിന്ന് പുറത്തായവരെ ഉടന്‍ വിദേശികളായി കണക്കാക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്.

Top