അസം പൗരത്വ രജിസ്റ്റര്‍; പട്ടികയിലെ മുഴുവന്‍ വിവരങ്ങളും വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി

ന്യൂഡല്‍ഹി: അസാമിലെ അന്തിമ പൗരത്വ രജിസ്റ്റര്‍ പട്ടികയിലെ മുഴുവന്‍ വിവരങ്ങളും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. അസാം എന്‍ആര്‍സി വെബ്സൈറ്റായ ‘www.nrcassam.nic.in’ ല്‍ നിന്നുമാണ് വിവരങ്ങള്‍ അപ്രത്യക്ഷമായത്. എന്നാല്‍ ചില സാങ്കേതിക പിഴവുകള്‍ മാത്രമാണെന്നും ഉടന്‍ പരിഹരിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

അന്തിമ പട്ടിക 2019 ഓഗസ്റ്റ് 31 ന് പ്രസിദ്ധീകരിച്ചതിനുശേഷം ഒഴിവാക്കിയവരുടേയും ഉള്‍പ്പെടുത്തിയവരുടേയും പൂര്‍ണ വിവരങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റായ ‘www.nrcassam.nic.in’ ലാണ് അപ്‌ലോഡ് ചെയ്തിരുന്നത്.

ഐടി കമ്പനിയായ വിപ്രോയുമായുള്ള കരാര്‍ പുതുക്കാത്തതാണ് പട്ടിക അപ്രത്യക്ഷമാകാന്‍ കാരണമെന്നാണ് എന്‍ആര്‍സി അധികൃതര്‍ പറയുന്നത്.

എന്‍ആര്‍സി കോഓഡിനേറ്റര്‍ സ്ഥാനത്തുനിന്ന് പ്രതീക് ഹലേജയെ മാറ്റിയിരുന്നു. പകരം ആള്‍ ചുമതലയേല്‍ക്കാത്തതിനാല്‍ ക്ലൗഡ് സ്റ്റോറേജ് സബ്‌സ്‌ക്രിപ്ഷന്‍ പുതുക്കേണ്ട വിപ്രോ അത് ചെയ്തിരുന്നില്ല. പുതിയ കോ ഓഡിനേറ്റര്‍ ഹിതേഷ് ദേവ് ശര്‍മ ഉടന്‍ ചുമതലയേല്‍ക്കുമെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും അടുത്ത ദിവസങ്ങളില്‍ വിവരങ്ങള്‍ അപ്‌ലോഡ് ആകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

2019 ഓഗസ്റ്റ് 31ന് പുറത്തിറക്കിയ അന്തിമ അസം പൗരത്വ പട്ടികയില്‍ 3.11 കോടി ആളുകള്‍ ഉള്‍പ്പെട്ടപ്പോള്‍ 19.06 ലക്ഷം പേര്‍ പുറത്തു പോയിരുന്നു.

പൗരത്വ വിവരങ്ങള്‍ കാണാതായതില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഉടന്‍ ഇടപെടണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ദേബബ്ത്ര സൈക്യ സെന്‍സസ് കമ്മീഷണര്‍ക്ക് കത്തുനല്‍കി. പൗരത്വ പട്ടികക്കെതിരെയുള്ള അപ്പീലുകള്‍ കോടതിയില്‍ നിലനില്‍ക്കെ വിവരങ്ങള്‍ കാണാതായതില്‍ ദുരൂഹതയുണ്ടെന്ന് അദ്ദേഹം വാദിച്ചു. സുപ്രീം കോടതി നിര്‍ദേശത്തിന്റെ പരസ്യമായ ലംഘനമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.

Top