പ്രകോപനപരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ; അസമിലെ അധ്യാപകന്‍ അറസ്റ്റില്‍

അസം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഫേസ്ബുക്കില്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് അസമിലെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ സില്‍ചാറിലെ ഗുരുചരന്‍ കോളേജിലെ ഗസ്റ്റ് ലക്ചറായ സൗരദീപ് സെന്‍ഗുപ്തയെയാണ് വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

സെന്‍ഗുപ്തയുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിച്ച കോടതി അദ്ദേഹത്തെ തിങ്കളാഴ്ച വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും, സനാതന ധര്‍മത്തെ അധിക്ഷേപിക്കുകയും ഹിന്ദുസമുദായത്തെ കുറിച്ച് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി വര്‍ഗീയ അതിക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി.

ഐപിസി, ഐടി നിയമപ്രകാരമാണ് സെന്‍ഗുപ്തയ്ക്കെതിരെ കേസെടുത്തതെന്ന് കാച്ചര്‍ എസ്പി മനബേന്ദ്ര ദേവ് റേ പറഞ്ഞു. ”വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഫേസ്ബുക്കിലെ സാമൂഹിക വിരുദ്ധ അഭിപ്രായത്തെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്,” ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വടക്കുകിഴക്കന്‍ ഡല്‍ഹിയുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സെന്‍ഗുപ്ത ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വിവാദമായത്. 2002ലുണ്ടായ ഗുജറാത്ത് കലാപം തലസ്ഥാനത്ത് പുനഃരാവിഷ്‌ക്കരിക്കാനാണ് ചില വിഭാഗം ശ്രമിക്കുന്നതെന്നാണ് കുറിപ്പില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്.

ഫെയ്സ്ബുക്ക് കുറിപ്പ് വിവാദമായതോടെ സെന്‍ഗുപ്ത പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. ”എന്റെ പോസ്റ്റിലൂടെ ഏതെങ്കിലും തരത്തില്‍ മതവികാരം വ്രണപ്പെടുത്തിയെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. സാമുദായിക തന്ത്രപ്രധാനമായ ഒരു പ്രശ്‌നത്തെക്കുറിച്ച് ഞാന്‍ നിരുത്തരവാദപരമായ ചില അഭിപ്രായങ്ങള്‍ നടത്തി. എന്റെ വിലയിരുത്തലില്‍ വന്നുപോയ തെറ്റാണത്. ഒരു മതത്തെയും അവഹേളിക്കുകയല്ല എന്റെ ഉദ്ദേശ്യം, ” വ്യാഴാഴ്ച സെന്‍ഗുപ്ത ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഒരു വര്‍ഷം മുമ്പാണ് ഗുരുചരണ്‍ കോളേജില്‍ ഗസ്റ്റ് ലക്ചററായി സെങ്പുതയെ നിയമിച്ചത്. സെന്‍ഗുപതയുടേത് താല്‍ക്കാലിക നിയമനമായിരുന്നുവെന്നും അദ്ദേഹത്തിന്റെ കരാര്‍ നവംബറില്‍ അവസാനിച്ചുവെന്നും പ്രിന്‍സിപ്പല്‍ ബിഭാസ് ദേബ് പറഞ്ഞു.

സെന്‍ഗുപ്തയെ പുറത്താക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. അതേസമയം 40 പേരടങ്ങുന്ന വിദ്യാര്‍ഥികളുടെ സംഘം സെന്‍ഗുപ്തയുടെ വീട്ടിലെത്തി കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും ഇതിനെ കുറിച്ച് പരാതിപ്പെടാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ സെന്‍ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും സെന്‍ഗുപ്തയുടെ വീട്ടുകാര്‍ ആരോപിച്ചു.

Top