വിലക്കിയ വിമതസംഘടനകളിലെ 644 തീവ്രവാദികള്‍ ആയുധം വച്ച് കീഴടങ്ങി

ഗുവാഹത്തി: ആസ്സാമില്‍ വിലക്കിയ വിമതസംഘടനകളിലെ 644 തീവ്രവാദികള്‍ ആയുധം വച്ച് കീഴടങ്ങിയതായി റിപ്പോര്‍ട്ട്. 177 ആയുധങ്ങളുമായാണ് ഇവര്‍ കീഴടങ്ങിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാള്‍ പങ്കെടുത്ത പരിപാടിക്കിടെയാണ് തീവ്രവാദികള്‍ ആയുധം വച്ച് കീഴടങ്ങിയത്.

ഉള്‍ഫ, എന്‍ഡിഎഫ്ബി, ആര്‍എന്‍എല്‍എഫ്, കെഎല്‍ഒ, സിപിഐ (മാവോയിസ്റ്റ്), എന്‍എസ് എല്‍എ, എഡിഎഫ്, എന്‍എല്‍എഫ്ബി എന്നീ വിലക്കിയ തീവ്രവാദ സംഘടനകളിലെ അംഗങ്ങളാണ് ആസ്സാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാളിന് മുന്നില്‍ കീഴടങ്ങിയത്.

സംസ്ഥാനത്തെയും സംസ്ഥാന പൊലീസിനെയും സംബന്ധിച്ച് വളരെ പ്രാധാന്യമുള്ളതും നിര്‍ണ്ണായകവുമായി ദിവസമാണിന്ന്. എട്ട് തീവ്രവാദ ഗ്രൂപ്പുകളിലെ 644 ഭീകരരാണ് ആയുധം വച്ച് കീഴടങ്ങിയിരിക്കുന്നത്. പൊലീസ് ഡയറക്ടര്‍ ജനറല്‍ ഭാസ്‌കര്‍ ജ്യോതി മഹാന്ദ വെളിപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്.

അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ കീഴടങ്ങലാണിതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആസ്സാമില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമായി നടന്നിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ക്കുന്നു.

Top