നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ജോലി ചെയ്ത ശമ്പളം ആവശ്യപ്പെട്ട യുവതിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. നോയിഡയിലെ നോളഡ്ജ് പാര്‍ക്കില്‍ വെച്ചാണ് ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്.
യുവാക്കള്‍ യുവതിയുടെ മുടി പിടിച്ച് വലിച്ചിഴയ്ക്കുന്നതിന്റെയും മര്‍ദ്ദിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. നോയിഡയില്‍ ജോലി ചെയ്ത് വരുകയായിരുന്നു യുവതി. ജോലിയില്‍ പ്രവേശിച്ചതിനു ശേഷം ആദ്യത്തെ മാസത്തെ ശമ്പളത്തിന്റെ പകുതി മാത്രമാണ് യുവതിക്ക് ലഭിച്ചത്.
ശമ്പള കുടുശ്ശികയെക്കുറിച്ച് ചോദിച്ചതിനെ തുടര്‍ന്നാണ് യുവതിക്ക് നേരെ മര്‍ദ്ദനമുണ്ടായത്. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ യുവതി യുവാക്കള്‍ക്കെതിരെ പരാതി നല്‍കി. എന്നാല്‍, സംഭവത്തില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.