ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ കയ്യേറ്റം; കര്‍ശന നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: ആരോഗ്യപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട കളക്ട്രേറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 2012ലെ നിയമത്തിലുണ്ടായിരുന്ന ചില പഴുതുകള്‍ പൂര്‍ണമായും അടച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്.

ഡോക്ടേഴ്‌സ് ഡേ കൂടിയായ ശനിയാഴ്ച കൊച്ചിയില്‍ ഡോക്ടര്‍ക്കെതിരെയുണ്ടായ അതിക്രമം അപലപനീയമാണ്. പനി പടരുന്ന സാഹചര്യത്തില്‍ രാവും പകലും ഒരുപോലെ സേവനം നടത്തുന്നവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. അവര്‍ക്ക് മനോധൈര്യത്തോടെ നിര്‍ഭയമായി സേവനം അനുഷ്ഠിക്കാന്‍ കഴിയണം.

എല്ലാ താലൂക്ക് ആശുപത്രികളിലും മെഡിക്കല്‍ കോളജിലും പൊലീസ് ഔട്ട് പോസ്റ്റ് ഉണ്ടാകും. അതിന് വേണ്ടിയുള്ള സേഫ്റ്റി ഓഡിറ്റുകള്‍ നടന്നു. ഫൈനല്‍ ഡ്രാഫ്റ്റ് അന്തിമഘട്ടത്തിലാണ്. ഇതിനായി ആഗോളതലത്തില്‍ രൂപകല്‍പന ചെയ്തിട്ടുള്ള സംവിധാനമായ കോഡ് ഗ്രേ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള നടപടികള്‍ ഉണ്ടാകും.

പത്തനംതിട്ട നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് കാരണമായ കരാറുകാരനെതിരെ യാതൊരു വീട്ടുവീഴ്ചയുമില്ലാത്ത നടപടി സ്വീകരിക്കും. പല തവണ മീറ്റിംഗുകള്‍ വിളിച്ച് കരാറുകാരന് താക്കീത് നല്‍കിയിരുന്നു. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിലും യോഗം ചേര്‍ന്നിരുന്നു. പത്തനംതിട്ട നഗരത്തില്‍ പലയിടങ്ങളിലും പൈപ്പ് പൊട്ടുന്നതും വെള്ളം പാഴാകുന്നതും തുടര്‍ക്കഥയായപ്പോഴാണ് നാല്‍പ്പത്തിയാറ് വര്‍ഷങ്ങള്‍ പഴക്കമുള്ള പൈപ്പ് ലൈനുകള്‍ മാറ്റിയിടുന്ന പ്രവര്‍ത്തി ആരംഭിച്ചത്.

സര്‍ക്കാര്‍ ഇത്തരത്തിലുള്ള പദ്ധതികളെല്ലാം നടപ്പാക്കുന്നത് പൊതുജനങ്ങള്‍ക്ക് ആ പദ്ധതിയുടെ ഗുണഫലം അനുഭവവേദ്യമാകാനാണ്. പൊതുസമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കരാറുകാരനെതിരെ നടപടിയെടുത്ത് മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ നിലപാട്.
സംസ്ഥാനത്ത് പനി പടരുന്ന സാഹചര്യത്തില്‍ എല്ലാ ജാഗ്രതാനടപടികളും സ്വീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനിയുടെ നാല് വകഭേദമാണ് പടരുന്നത്.

ആരോഗ്യജാഗ്രത കലണ്ടര്‍ പ്രകാരമുള്ള നടപടികള്‍ എല്ലാം സ്വീകരിച്ചിട്ടുണ്ട്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈഡേ ആചരിക്കുമെന്നും എല്ലാ എംഎല്‍എമാരുടേയും നേതൃത്വത്തില്‍ ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കും. പകര്‍ച്ചപ്പനി പ്രതിരോധത്തിന് നടത്തുന്ന ശുചീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിലെ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

 

 

Top