പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം; സൈനികനുള്‍പ്പെടെ 3പേര്‍ പിടിയില്‍

ആലപ്പുഴ: ചേര്‍ത്തലയില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം. ഹൈവേ പട്രോള്‍ സബ് ഇന്‍സ്പെക്ടര്‍ ജോസി സ്റ്റീഫനെയാണ് വാഹനത്തിലെത്തിയ മൂന്നംഗ സംഘം മര്‍ദിച്ചത്. നിര്‍ത്താതെ പോയ ജീപ്പ് തടഞ്ഞപ്പോഴാണ് എസ്.ഐയെ സംഘം മര്‍ദ്ദിച്ചത്. പരിക്കേറ്റ എസ്.ഐയെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജീപ്പിലുണ്ടായിരുന്ന സൈനികനായ കൊട്ടാരക്കര സ്വദേശി വിപിന്‍ രാജന്‍, കൊല്ലം സ്വദേശികളായ ജോബിന്‍ ബേബി, ഷെമീര്‍ മുഹമ്മദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയപാതയില്‍ ചേര്‍ത്തല ഹൈവേ പാലത്തിന് സമീപത്ത് വാഹന പരിശോധനക്കിടെയായിരുന്നു സംഭവം.

തര്‍ക്കത്തിനിടെ പട്ടാളക്കാരന്‍ എസ്.ഐയെ ആക്രമിക്കുകയായിരുന്നു. എസ്.ഐയുടെ തലയ്ക്കും ചുണ്ടിനും പരിക്കുകളുണ്ട്. കൊല്ലത്ത് നിന്ന് എറണാകുളത്തേയ്ക്ക് യാത്ര ചെയ്യുകയായിരുന്ന സംഘം കായംകുളം മുതല്‍ ബഹളം വച്ചാണ് യാത്ര ചെയ്തിരുന്നത്. തുറന്ന വാഹനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി വന്ന ഇവര്‍ പലയിടത്തും നാട്ടുകാരോടും മറ്റ് വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്നരോടും മോശമായി പെരുമാറിയിരുന്നു.

ഇതേതുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്താനുള്ള നിര്‍ദ്ദേശം ഹൈവെ പട്രോളിംഗ് സംഘത്തിന് നല്‍കിയത്. ആലപ്പുഴയില്‍ നിന്നും സംഘത്തെ പിടികൂടാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്നാണ് ചേര്‍ത്തലയില്‍ ഇവര്‍ക്കായി പൊലീസ് വാഹന പരിശോധന നടത്തിയത്. വാഹനത്തിന്റെ നമ്പര്‍ ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് വാഹനം കണ്ടെത്തി തടഞ്ഞെങ്കിലും പ്രതികള്‍ പൊലീസിനോട് മോശമായി പെരുമാറുകയും തട്ടിക്കയറുകയുമായിരുന്നു. പൊലീസ് വണ്ടി കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് മദ്യലഹരിയിലായിരുന്ന സംഘം എസ്.ഐയെ മര്‍ദ്ദിച്ചത്.

എസ്.ഐയുടെ പരാതിയെത്തുടര്‍ന്ന് സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പരാതിയില്‍ എസ്.ഐയുടെ മൊഴി ചേര്‍ത്തല പൊലീസ് ആശുപത്രിയില്‍ എത്തി രേഖപ്പെടുത്തി. പ്രതികളെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. തുടര്‍ന്ന് നാളെ കോടതിയില്‍ ഹാജരാക്കി ഇവരെ റിമാന്‍ഡ് ചെയ്യും.

 

Top