കൊല്ലം: കൊല്ലത്ത് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗി നഴ്‌സിംഗ് അസിസ്റ്റന്റിനെ മര്‍ദ്ദിച്ചു. കടപ്പാക്കട സ്വദേശിയായ പ്രകാശാണ് നഴ്‌സിംഗ് അസിസ്റ്റന്റ് ബിജുവിനെ മര്‍ദ്ദിച്ചത്.
മദ്യപിച്ച ശേഷം ഉണ്ടായ അടിപിടിക്കിടയില്‍ മുറിവേറ്റ നിലയിലാണ് പ്രകാശിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ ശരീരത്തിലെ മുറിവില്‍ തുന്നലിട്ട ശേഷം വാര്‍ഡില്‍ അഡ്മിറ്റാക്കിയിരുന്നു, ശേഷം ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് മുങ്ങിയ പ്രകാശിനെ കടപ്പാക്കടയില്‍ നിന്ന് പൊലീസ് പിടികൂടുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ഇതിനിടെ തുന്നല്‍ പൊട്ടിയതിനെ തുടര്‍ന്ന് വീണ്ടും ഇടുന്നതിനിടെ ഇയാള്‍ നഴ്‌സിംഗ് അസിസ്റ്റന്റിനെ മര്‍ദ്ദിക്കുകയായിരുന്നു.
പരുക്കേറ്റ ബിജു പൊലീസില്‍ പരാതി നല്‍കി. നഴ്‌സിംഗ് അസിസ്റ്റന്റിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ നഴ്‌സുമാര്‍ ഒരു മണിക്കൂര്‍ ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുകയും ചെയ്തു.