തിരുവനന്തപുരം: നിയമസഭയില്‍ ചര്‍ച്ചയ്ക്കിടെ വിഗ്രഹാരാധനയെ കുറിച്ച് പരാമര്‍ശം നടത്തിയ മന്ത്രി എ.കെ. ബാലന്റെ നടപടി വിവാദമാകുന്നു. എ.കെ ബാലനെതിരെ പ്രതിപക്ഷമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പരാമര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
വിഗ്രഹാരാധനയ്ക്കും ബഹുദൈവ വിശ്വാസത്തിനുമെതിരെ പോരാടിയ ഇസ്‌ളാം മതത്തിന്റെ വക്താക്കളായ ലീഗ് കപട വിശ്വാസികളാകരുതെന്നായിരുന്നു ബാലന്റെ പരാമര്‍ശം. വനിതാ മതിലുമായി ബന്ധപ്പെട്ടു ലീഗ് എംഎല്‍എ പി.കെ. ബഷീര്‍ നടത്തിയ പരാമര്‍ശത്തിനു മറുപടി നല്‍കവെയാണ് ബാലന്റെ വിവാദ പ്രസ്താവന.
ബഹുദൈവ വിശ്വാസികളുടെ കാര്യത്തില്‍ ഏകദൈവ വിശ്വാസികള്‍ ഇടപെടേണ്ട ആവശ്യമില്ലെന്നാണ് മന്ത്രി പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സാംസ്‌കാരിക വകുപ്പിന്റെ ചുമതല കൂടിയുള്ള മന്ത്രിയില്‍ നിന്നു പ്രതീക്ഷിക്കാത്ത മറുപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.