നിയമസഭാ കയ്യാങ്കളി കേസ്; സുപ്രീംകോടതി ഇന്ന് വിധി പറയും

ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രിംകോടതിയുടെ നിര്‍ണായക വിധി ഇന്ന്. കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാരും, മന്ത്രി വി ശിവന്‍ക്കുട്ടി അടക്കം ആറ് ഇടത് നേതാക്കളും സമര്‍പ്പിച്ച അപ്പീലുകളില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. വാദം കേള്‍ക്കവേ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്.

നിയമസഭയ്ക്കുള്ളില്‍ പൊതുമുതല്‍ നശിപ്പിച്ച കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് കേസില്‍ വാദം കേള്‍ക്കവെ കോടതി വ്യക്തമാക്കിയിരുന്നു. കേസ് അവസാനിപ്പിക്കാന്‍ എന്ത് പൊതുതാല്‍പ്പര്യമെന്ന ചോദ്യവും കോടതി ഉയര്‍ത്തിയിരുന്നു. എംഎല്‍എമാരുടെ പരിരക്ഷ സംബന്ധിച്ചും നിയമനിര്‍മ്മാണ സഭകളിലെ അംഗങ്ങളുടെ പെരുമാറ്റം സംബന്ധിച്ച വിശദമായ പരാമര്‍ശങ്ങള്‍ കോടതി വിധിയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

തിരുവനന്തപുരം സി.ജെ.എം കോടതി, ഹൈക്കോടതി എന്നിവിടങ്ങളില്‍ നിന്ന് വന്‍ തിരിച്ചടി നേരിട്ട ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയിലെത്തിയത്. 2015ല്‍ അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്താന്‍ നടന്ന പ്രതിഷേധം നിയമസഭയ്ക്കുള്ളില്‍ കയ്യാങ്കളിയായി മാറുകയായിരുന്നു.

 

 

Top