ന്യൂഡല്‍ഹി: ഗുജറാത്ത് ജസ്ദാനിലെ ഉപതെരഞ്ഞെടുപ്പ് ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും ഒരേപോലെ അഭിമാന പോരാട്ടമായിരുന്നു. കനത്ത പോരാട്ടത്തിനൊടുവില്‍ ബിജെപിതന്നെ വിജയക്കൊടി നാട്ടി.
20000ത്തോളം വോട്ടുകള്‍ക്കാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വിജയം. 1690ല്‍ സംസ്ഥാനം രൂപീകരിച്ചതിന് ശേഷം മൂന്നാമത്തെ തവണ മാത്രമാണ് ഇവിടെ ബി.ജെ.പി വിജയിക്കുന്നത്.
കഴിഞ്ഞ 20ന് നടന്ന ജസ്ദാന്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി കുന്‍വര്‍ജി ബാവാലിയയാണ് വിജയിച്ചത്. 19,985 വോട്ടുകള്‍ക്കാണ് അദ്ദേഹം മണ്ഡലത്തില്‍ തന്റെ വിജയമുറപ്പിച്ചത്.
ജസ്ദാനിലെ സിറ്റിംഗ് എംഎല്‍എ ആയ കുന്‍വര്‍ജി ബാവാലിയ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വവും എംഎല്‍എ സ്ഥാനവും രാജിവച്ച് ബി.ജെ.പി.യില്‍ ചേര്‍ന്നതുമൂലമാണ് ഈ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് അനിവാര്യമായത്.
കോഹ്ലി വിഭാഗത്തിലെ നേതാവായ കുന്‍വര്‍ജി ബലാവ്ലിയ 2017ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചയാളാണ്. പിന്നീട് പാര്‍ട്ടി അംഗത്വം രാജി വച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. 1995, 1998, 2002, 2007 വര്‍ഷങ്ങളിലും കോണ്‍ഗ്രസ് ടിക്കറ്റില്‍ ബലാവ്ലിയ മണ്ഡലത്തില്‍ നിന്നും ഗുജറാത്ത് നിയമസഭയിലെത്തിയിരുന്നു.
അതേസമയം, ബാലാവ്ലിയയുടെ വിജയം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വ്യക്തമായ സൂചനയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അവകാശപ്പെട്ടു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 26 സീറ്റുകള്‍ നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.