നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നില്‍. കനത്തസുരക്ഷയിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. ഭരണകക്ഷിയായ ബി.ആര്‍.എസും കോണ്‍ഗ്രസും തമ്മില്‍ വാശിയേറിയ പോരാട്ടം നടന്ന തെലങ്കാനയില്‍ 3 കോടി 17 ലക്ഷം വോട്ടര്‍മാര്‍മാരാണ് ഉള്ളത്. പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റമാണ് പ്രവചിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് കര്‍ണാടക മാതൃകയില്‍ 6 ഗ്യാരണ്ടികള്‍ നല്‍കിയാണ് വോട്ടു ചോദിച്ചത്. കര്‍ഷകര്‍ക്കുള്ള ധനസഹായമടക്കം സര്‍ക്കാര്‍ ചെയ്ത ക്ഷേമ പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ പ്രഭാവവുമാണ് ബി .ആര്‍ എസിന്റെ തുറുപ്പുചീട്ട്. തെലങ്കാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് എക്സിറ്റ് പോളുകള്‍ സൂചിപ്പിച്ചതിനെത്തുടര്‍ന്ന് എ.ഐ.സി.സി നിരീക്ഷകരെ നിയോഗിച്ചിരുന്നു. ഡി.കെ ശിവകുമാര്‍, കെ.മുരളീധരന്‍, ദീപ ദാസ് മുന്‍ഷി, അജോയ് കുമാര്‍. കെ ജെ ജോര്‍ജ്ജ് എന്നിവരെയാണ് നിരീക്ഷകരായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിയമിച്ചത്. വിജയം ഉറപ്പിക്കുന്ന എം.എല്‍.എമാരോട് ഹൈദരാബാദില്‍ എത്താനും നിര്‍ദേശിച്ചു. ഫലപ്രഖ്യാപനത്തിന് ശേഷമുള്ള അട്ടിമറികള്‍ ഒഴിവാക്കാനാണ് ശിവകുമാറും നിരീക്ഷരും ശ്രമിക്കുക. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്.