assembly election- cpm

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യു.ഡി.എഫിനെ വെല്ലുന്ന തര്‍ക്കങ്ങള്‍ സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദന് ആദ്യം സീറ്റ് നിഷേധിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. പ്രകടനങ്ങളും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ വി.എസിനു സീറ്റു നല്‍കിയതോടെ അപസ്വരങ്ങളില്ലാതെ സി.പി.എമ്മിനു തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാന്‍ കഴിഞ്ഞു.

ഇത്തവണ ആദ്യം തന്നെ വി.എസിന് മലമ്പുഴയില്‍ സീറ്റ് നല്‍കിയതോടെ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടാകില്ലെന്നായിരുന്നു കരുതിയത്. എന്നാല്‍ സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ച് മിക്ക ജില്ലകളിലും നേതൃത്വം കണ്ടെത്തിയ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

വടക്കാഞ്ചേരിയില്‍ സംസ്ഥാന നേതൃത്വം കണ്ടെത്തിയ കെ.പി.എ.സി ലളിതക്കെതിരെ പ്രതിഷേധ പ്രകടനം നടന്നതോടെ ലളിത സ്വയം പിന്‍മാറി. തൃപ്പൂണിത്തുറയില്‍ സി.എം ദിനേശ് മണിക്കും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍മാറേണ്ടി വന്നു . തനിക്കെതിരെ പ്രവര്‍ത്തിച്ചത് മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിയ്ക്കലും മണിശങ്കര്‍ അയ്യരുമാണെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍യിരിക്കുകയാണ് ദിനേശ് മണി.

ആറന്‍മുളയില്‍ വീണ ജോര്‍ജിന്റെയും അഴീക്കോട് എം.വി നികേഷ്‌കുമാറിന്റെയും സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പോസ്റ്റര്‍ പ്രചരണവും പ്രതിഷേധവും പുകയുകയാണ്. നിലമ്പൂരില്‍ പി.വി അന്‍വറിനെതിരെ ചുങ്കത്തറയിലും എടക്കരയിലും സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. കൊല്ലത്ത് മുതിര്‍ന്ന നേതാവ് ഗുരുദാസനെ തഴഞ്ഞാണ് സിനിമാതാരം മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.

കോഴിക്കോട്, പാലക്കാട് ജില്ലകളിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കം പുകയുന്നുണ്ട്. ജില്ലാതലത്തില്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രാദേശിക തലത്തിലുയര്‍ന്ന പ്രതിഷേധം നിലനില്‍ക്കുന്നതാണ് വെല്ലുവിളിയാവുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും കടുത്ത അതൃപ്തിയുണ്ട്. ഇക്കാര്യം അദ്ദേഹം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചതായാണ് സൂചന. ചില മണ്ഡലങ്ങളില്‍ പരിഗണിക്കുന്നവരെക്കെുറിച്ചും മുന്നണിയുമായി സഹകരിക്കുന്ന ചില കക്ഷികളിലെ നേതാക്കളുടെ കാര്യത്തിലുമാണ് അദ്ദേഹത്തിന്റെ വിയോജിപ്പ്. ആര്‍. ബാലകൃഷ്ണപിള്ള, ആന്റണി രാജു, എം.വി. നികേഷ്‌കുമാര്‍, വീണാ ജോര്‍ജ് തുടങ്ങിയവരുടെ കാര്യത്തില്‍ വി.എസ് അഭിപ്രായഭിന്നത അറിയിച്ചു. പിള്ളയുടെ പിന്മാറ്റം ഇതിനുപിന്നാലെയായിരുന്നു.

ഇടതുപക്ഷ രാഷ്ട്രീയമുള്ളവരെ വേണം പരിഗണിക്കാന്‍ എന്ന നിലപാടാണ് വി.എസിന്. സ്ഥാനാര്‍ഥിയെ ചൊല്ലി വര്‍ക്കല, അരുവിക്കര, തിരുവനന്തപുരം, കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, ആറന്മുള, കോന്നി, തൃപ്പൂണിത്തുറ, ഇരിങ്ങാലക്കുട, തൃക്കാക്കര, പൂഞ്ഞാര്‍, തൃത്താല, അഴീക്കോട് തുടങ്ങിയ മണ്ഡലങ്ങളിലും പ്രശ്‌നങ്ങള്‍ തുടരുകയാണ്.

പരിഗണിക്കെപ്പടുന്നവര്‍ക്കെതിരെ പോസ്റ്റര്‍ ഒട്ടിക്കലും പരസ്യ പ്രകടനവും തടയാന്‍ ജില്ലാ തലത്തില്‍ കഴിഞ്ഞിട്ടില്ല. ഇതോടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ പങ്കെടുക്കുന്ന ജില്ലാ സെക്രട്ടേറിയറ്റ് വിളിച്ച് ചേര്‍ക്കാന്‍ തുടങ്ങി. എറണാകുളത്ത് തിങ്കളാഴ്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംബന്ധിച്ച ജില്ലാ നേതൃയോഗം നടന്നു.

സംസ്ഥാന നേതാക്കള്‍ ചേരിതിരിഞ്ഞ് പോരടിക്കുന്ന കായംകുളത്തെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച ആലപ്പുഴ ജില്ലാ കമ്മിറ്റിയും വര്‍ക്കലയിലും അരുവിക്കരയിലും എതിര്‍പ്പ് തുടരുന്നതിനാല്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും വീണ്ടും ചേരും.

കൊല്ലത്ത് നടന്‍ മുകേഷ് സമ്മതം പറഞ്ഞുവെങ്കിലും പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പ് എങ്ങനെ പ്രതിഫലിക്കുമെന്ന ആശങ്കയുണ്ട്. ഇവിടെ പാര്‍ട്ടി നേതൃയോഗത്തില്‍ പങ്കെടുത്ത പിണറായി വിജയന്‍ ശക്തമായ മുന്നറിയിപ്പാണ് നേതാക്കള്‍ക്ക് നല്‍കിയത്. ആറന്മുളയില്‍ വിമാനത്താവള പദ്ധതിക്ക് എതിരെ നിലകൊണ്ടവരെയുള്‍പ്പെടെ തഴഞ്ഞ് ക്രൈസ്തവ സഭാ ഭാരവാഹിയുടെ ഭാര്യയായ മാധ്യമപ്രവര്‍ത്തകയെ പരിഗണിക്കുന്നതിലുള്ള എതിര്‍പ്പിലും മാറ്റമുണ്ടായിട്ടില്ല.

അച്ചടക്ക നടപടിപോലും വകവെക്കാതെയാണ് എതിര്‍പ്പുകള്‍. അഴീക്കോട് സീറ്റ് ആഗ്രഹിക്കുന്ന നികേഷ്‌കുമാറിന്റെ കാര്യത്തില്‍ കൂത്തുപറമ്പ് രക്തസാക്ഷി കുടുംബങ്ങളെ അഭിമുഖീകരിക്കുകയാവും പ്രധാന പ്രശ്‌നം. പൂഞ്ഞാറില്‍ സി.പി.എം നേതൃത്വത്തിലെ ഒരു വിഭാഗത്തിന് താല്‍പര്യമുണ്ടെങ്കിലും ബാഹ്യ ഇടപെടല്‍ മൂലം പി.സി. ജോര്‍ജിനെയും തഴഞ്ഞു.

ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തിന് പൂഞ്ഞാറും തിരുവനന്തപുരം സെന്‍ട്രലും ഉള്‍പ്പെടെ നാല് സീറ്റ് നല്‍കിയാണ് അനുനയിപ്പിച്ചത്. ഇതോടെ നേരത്തെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് പ്രചരണത്തില്‍ മേല്‍ക്കൈ നേടാറുള്ള സി.പി.എമ്മിന്റെ പതിവു തന്ത്രം ഇത്തവണ പിഴക്കുകയാണ്.

Top