കൊല്ലം: ചലച്ചിത്രതാരം കൊല്ലം തുളസി നിയമസഭാ തിരഞ്ഞെടുപ്പ് മത്സരരംഗത്തുനിന്ന് പിന്മാറി. ആരോഗ്യ കാരണങ്ങളാലാണ് പിന്മാറ്റമെന്ന് തുളസി പറഞ്ഞു. കുണ്ടറ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായാണ് തുളസിയെ പരിഗണിച്ചിരുന്നത്. തന്റെ തീരുമാനം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കൊല്ലം തുളസി റിപ്പോര്‍ട്ടറോട് പറഞ്ഞു.
കുണ്ടറ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി കൊല്ലം തുളസിയെ ഇന്നോ നാളെയോ ബിജെപി നേതൃത്വം പ്രഖ്യാപിക്കാനിരിക്കെയാണ്, തുളസിയുടെ പിന്മാറ്റം.മണ്ഡലത്തില്‍ കൊല്ലം തുളസി കഴിഞ്ഞ ദിവസങ്ങളില്‍ സജീവമായിരുന്നു. സിനിമ മേഖലയില്‍ നിന്ന് കൊല്ലം തുളസിയും മത്സരത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വന്നത് ഇതിനെത്തുടര്‍ന്നാണ്. പത്തനാപുരത്ത് കെബി ഗണേഷ് കുമാറും, ജഗദീഷും, ഭീമന്‍ രഘുവുമാണ് ഏറ്റുമുട്ടാനൊരുങ്ങുന്നത്. കൊല്ലത്ത് സിപിഐഎം സ്ഥാനാര്‍ത്ഥിയായി മുകേഷാണ് മത്സരിക്കുന്നത്.
കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയിലും ശാസ്താംകോട്ടയിലും രണ്ട് ബിജെപി പരിപാടികളിലും തുളസി പങ്കെടുത്തിരുന്നു. താന്‍ വരും ദിവസങ്ങളില്‍ മണ്ഡലത്തില്‍ സജീവമായി ഉണ്ടാകുമെന്നും കേരളത്തിന്റെ ഭാവിയെ മാറ്റിമറിക്കുന്ന തിരഞ്ഞെടുപ്പാണിതെന്നും കൊല്ലം തുളസി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഉച്ചയോടെ മത്സരരംഗത്ത് നിന്ന് പിന്മാറുന്നതായി കൊല്ലം തുളസി പ്രഖ്യാപിച്ചത്