നിയമസഭാ തെരഞ്ഞെടുപ്പ്; ഇന്ന് വിധി ദിനം, വോട്ടെണ്ണല്‍ എട്ട് മുതല്‍

ലഖ്‌നോ: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിര്‍ണായക ഫലം ഇന്ന്. രാവിലെ 8 മണി മുതല്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങും. ഉത്തര്‍പ്രദേശില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്നും പഞ്ചാബില്‍ എഎപി ചരിത്ര വിജയം കുറിക്കുമെന്നുമാണ് എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ പറയുന്നത്. ഉത്തരാഖണ്ഡിലും ഗോവയിലും തൂക്ക് മന്ത്രിസഭ വരുമെന്നാണ് പ്രവചനം. അതേസമയം, മണിപ്പൂരില്‍ ബിജെപിക്ക് ഭരണ തുടര്‍ച്ചയുണ്ടാകുമെന്നാണ് സര്‍വേകള്‍ പ്രവചിച്ചത്. ദേശീയ രാഷ്ട്രീയത്തിന്റെ ഭാവി പ്രവചിക്കന്‍ പോന്ന ഹിന്ദി ഹൃദയഭൂമിയിലെ ജനവിധിയിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അനൂകൂലമായതിന്റെ ആത്മവിശ്വാസം ബി ജെ പിക്കുണ്ട്. എന്നാല്‍ സര്‍വേ ഫലങ്ങള്‍ക്ക് അപ്പുറമുള്ള സാധ്യതകളാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലേക്കും പ്രത്യേക സംഘത്തെ കോണ്‍ഗ്രസ് അയച്ചിട്ടുണ്ട്. തൂക്കു നിയമസഭ വന്നാല്‍ ഇത് അനൂകൂലമാക്കാനാണ് സംഘം എത്തുന്നത്. ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളും ബി ജെ പി തുടങ്ങിയിട്ടുണ്ട്.

ഒരു മാസം നീണ്ട തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കൊടുവിലാണ് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങള്‍ വിധിയെഴുതിത്. അഞ്ച് സംസ്ഥാനങ്ങളിലായി 690 മണ്ഡലങ്ങളില്‍ ആണ് തെരഞ്ഞെടുപ്പ് നടന്നത്.

 

Top