Assembly election-V.S demanding- CPM-Kodiyeri

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തനിക്ക് ഘടകം തീരുമാനിച്ച് നല്‍കണമെന്ന ആവശ്യവുമായി വി.എസ്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോടും, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടും ഇക്കാര്യം വി.എസ് നേരിട്ട് ആവശ്യപ്പെട്ടതായാണ് അറിയുന്നത്.

കഴിഞ്ഞ വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും ഔദ്യോഗികമായി ഇപ്പോള്‍ സംസ്ഥാന കമ്മിറ്റിയില്‍ പോലും വി.എസ് അംഗമല്ല.

കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവെന്ന നിലയില്‍ മാത്രമാണ് അദ്ദേഹം ഇപ്പോള്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി യോഗങ്ങളില്‍ പങ്കെടുത്ത് വരുന്നത്.

ആലപ്പുഴ സംസ്ഥാന സമ്മേളന വേദിയില്‍ നിന്ന് ഇറങ്ങിപ്പോയ വി.എസിനെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാകാതിരുന്ന നേതൃത്വം ഒരു സീറ്റ് ഒഴിച്ചിട്ടിരുന്നു. ഇത് വി.എസിനെ പിന്നീട് ഉള്‍പ്പെടുത്താനാണെന്ന സൂചനയാണ് ഉണ്ടായിരുന്നതെങ്കിലും ഇതുവരെ വി.എസിനെ ഉള്‍പ്പെടുത്തിയിട്ടില്ല.

കടുത്ത അച്ചടക്ക ലംഘനം നടത്തിയ വി.എസിനെതിരെ പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പി.ബി കമ്മീഷന്റെ റിപ്പോര്‍ട്ട് വരട്ടെയെന്ന നിലപാടിലായിരുന്നു സിപിഎം സംസ്ഥാന നേതൃത്വം.

എന്നാല്‍ സിപിഎം ജനറല്‍ സെക്രട്ടറിയായി വി.എസുമായി ഏറെ അടുപ്പമുള്ള സീതാറാം യെച്ചൂരി എത്തിയതോടെ പി.ബി കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭത്തില്‍ തന്നെ നിലച്ചിരുന്നു.

എസ്എന്‍ഡിപി യോഗം ബിജെപിയുമായി കൂട്ടുകൂടിയതും അരുവിക്കരയിലെ തിരിച്ചടിയുമെല്ലാം വി.എസിനെതിരായ നടപടിയുമായി മുന്നോട്ട് പോകാതിരിക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ച ഘടകമാണ്.

ഇപ്പോള്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വി.എസിനെ ആശ്രയിക്കാതെ മുന്നോട്ടു പോകാന്‍ പറ്റാത്ത അവസ്ഥയിലാണ് സിപിഎം സംസ്ഥാന നേതൃത്വം.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കണമെന്ന നിലപാടെടുത്ത് നേതൃത്വത്തെ വെട്ടിലാക്കിയ വി.എസ്, തന്റെ ഘടകത്തിന്റെ കാര്യത്തിലും തീരുമാനം ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ടത് സിപിഎം നേതാക്കളില്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

വി.എസിനെ പിണക്കുന്നത് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ബുദ്ധിപരമല്ലാത്തതിനാല്‍ സംസ്ഥാന കമ്മിറ്റിയിലെ ഒഴിവുള്ള സീറ്റില്‍ ഉടന്‍ ഉള്‍പ്പെടുത്തണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാരിന്റെ ധൃതി പിടിച്ച നീക്കത്തിനെതിരെ കോടതി തന്നെ വിമര്‍ശിച്ച സാഹചര്യത്തില്‍ വി.എസിന്റെ പുതിയ നീക്കത്തെ രാഷ്ട്രീയ നിരീക്ഷകരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

Top