പാലക്കാട്: വെള്ളാപ്പള്ളി നടേശന്റെയും മകന്റെയും മുഖത്ത് കനത്ത പ്രഹരമേല്‍പ്പിച്ച് വിപ്ലവ നായകന്റെ ഗംഭീര മുന്നേറ്റം.
വിഎസ് വിരുദ്ധരെയൊക്കെ കൂട്ട് പിടിച്ച് രാഷ്ട്രീയ കേന്ദ്രങ്ങളെ മുന്‍മുനയില്‍ നിര്‍ത്തി നടന്ന പ്രചാരണ കോലാഹലങ്ങള്‍ക്ക് ജനകീയ കരുത്ത് കൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍.
മലമ്പുഴയില്‍ 73,299 വോട്ടുകള്‍ നേടി 27,142 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിഎസ് വിജയിച്ചത്. വന്‍ അടിയൊഴുക്കുകള്‍ നടന്ന മലമ്പുഴയില്‍ വി.എസ് അച്യുതാനന്ദന്റെ പ്രകടനം രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കിയിരുന്നു.
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന വെള്ളാപ്പള്ളി നടേശനെ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ‘കൈകാര്യം’ ചെയ്യുമെന്ന വിഎസിന്റെ മുന്നറിയിപ്പാണ് തീപാറുന്ന പോരാട്ടത്തിലേക്ക് മലമ്പുഴയെ എത്തിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കാതെ ഘടക കക്ഷിക്ക് നല്‍കിയ സീറ്റില്‍ ഇത്തവണ ജില്ലയില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെയാണ് ബിഡിജെഎസ് നിര്‍ദ്ദേശ പ്രകാരം ബിജെപി മത്സരിപ്പിച്ചത് പാലക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍കൂടിയായ കൃഷ്ണ കുമാറിനെ .യുഡിഎഫ് ആകട്ടെ കെ.എസ യു സംസ്ഥാന പ്രസിഡന്റെ് വി എസ് ജോയിയെയാണ് വിഎസിനെതിരെ രംഗത്തിറക്കിയത്.
വിഎസിന്റെ പരാജയം ഉറപ്പ് വരുത്താന്‍ എല്ലാ എസ് എന്‍ ഡി പി യോഗം ശാഖകള്‍ക്കും നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നു. വിഎസ് വിരുദ്ധരായ വ്യവസായികള്‍കൂടി രംഗത്തിറങ്ങിയതോടെ വിഎസിനെ വെല്ലുവിളിച്ച് രംഗത്ത് വരാന്‍ വെള്ളാപ്പള്ളി നടേശന്‍ തയ്യാറായി. ഈ വെല്ലുവിളികള്‍ക്ക് മലമ്പുഴയിലെ ഇടതപക്ഷ മനസ്സുകള്‍ നല്‍കിയ തിരിച്ചടിയാണ് വിഎസിന്റെ ഉജ്വല മുന്നേറ്റം.
92ാം വയസ്സിലും യുവത്വത്തിന്റെ ചുറുചുറുക്കോടെ കര്‍മ്മ നിരതനായ വിഎസ് ആണ് സംസ്ഥാനത്തെ ഇടത് പ്രചരണത്തിന്റെ കുന്തമുനയായി ഏറ്റവും അധികം യുഡിഎഫിന്റെയും ബിജെപി ബിഡിജെഎസ് സഖ്യത്തെയും ആക്രമിച്ചത്. ലോക രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ അത്ഭുത പ്രതിഭാസമായി മാറിയിരിക്കുകയാണിപ്പോള്‍ ഈ കമ്മ്യൂണിസ്റ്റ് നേതാവ്.
92ാം വയസ്സില്‍ ഇത്രയും ആവേശത്തോടെ തിരഞ്ഞെടുപ്പ് രംഗത്ത് പറന്ന് നടക്കുന്ന ഒരു നേതാവ് ഇന്ന് ഒരു രാജ്യത്തുമില്ല. തമിഴ്‌നാട്ടിലെ ഡിഎംകെ നേതാവ് കരുണാനിധി പോലും വീല്‍ ചെയറിന്റെ സഹായമില്ലാതെ ഒരടി മുന്നോട്ട് വയക്കാന്‍ പറ്റാത്ത സഹചര്യത്തിലാണ് കഴിയുന്നത്. സംസാരിക്കാനും കരുണാനിധിയെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടാണ്. അത് കൊണ്ട് തന്നെ ഇത്തവണ ഡിഎംകെ പ്രചരണ രംഗത്ത് വിരലെണ്ണാവുന്ന ഇടങ്ങളില്‍ മാത്രമായിരുന്നു കരുണാനിധിയുടെ സാന്നിധ്യം.
വിഎസ് ആകട്ടെ സംസ്ഥാനത്ത് 64 തിരഞ്ഞെടുപ്പ് റാലികളിലാണ് ഇടതുപക്ഷത്തിന് വേണ്ടി പ്രസംഗിച്ചത്. മലമ്പുഴയിലാകട്ടെ ചെറിയ കുടുംബയോഗങ്ങളില്‍ വരെ പങ്കെടുത്തു.ഒരോ തിരഞ്ഞെടുപ്പ് റാലികളിലും പതിനായിരങ്ങളാണ് വി.എസിനെ കാണാനെത്തിയത്.അത്ഭുപൂര്‍വ്വമായ ഈ ജനകൂട്ടം ഇന്ന് കേരള രാഷ്ട്രീയത്തില്‍ മറ്റെരു നേതാവിനും അവകാശപ്പെടാനില്ലാത്തതാണ്.
ത്യാഗനിര്‍ഭരമായ പോരാട്ടങ്ങളും, അഴിമതിക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമാണ് വിഎസിനെ ജനപ്രിയനാക്കിയത്. കേരളത്തില്‍ ആകെ ഇടത് തരംഗം ആഞ്ഞടിക്കുമ്പോള്‍ തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുകയാണ് വിഎസ്.