ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പുറത്തു വന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ, കേരള രാഷ്ട്രീയത്തിലും വൻ പ്രത്യാഘാതമുണ്ടാക്കും. രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കുമെന്ന കാര്യവും , ഇതോടെ ഉറപ്പായിരിക്കുകയാണ്. ലോകസഭ തിരഞ്ഞടുപ്പിൽ , രാഹുൽ ഗാന്ധിയെ വിജയിപ്പിക്കാൻ , മുസ്ലീംലീഗിനു ശക്തമായ സ്വാധീനമുള്ള വയനാടിനെ തന്നെ ആശ്രയിക്കേണ്ടി വരുമെന്നത് , കോൺഗ്രസ്സിന്റെ ഗതികേടു തന്നെയാണ്. കോൺഗ്രസ്സ് വിജയിച്ച കർണ്ണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ പോലും , രാഹുലിന് വേണ്ടി ഉറപ്പുള്ള ഒരു സീറ്റ് നീക്കിവയ്ക്കാൻ കോൺഗ്രസ്സിനു കഴിയുകയില്ല.
ഈ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലമല്ല, ലോകസഭ തിരഞ്ഞെടുപ്പിൽ ഉണ്ടാവുക എന്ന കാര്യത്തിൽ, കോൺഗ്രസ്സ് നേതാക്കൾക്കു പോലും , ഇനി തർക്കമുണ്ടാവുകയില്ല. ഈ യാഥാർത്ഥ്യം തന്നെയാണ് , രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നത്. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് , സംസ്ഥാനത്തെ കോൺഗ്രസ്സിനു ആശ്വാസമാണെങ്കിലും , ലീഗ് നേതാക്കളിൽ കാര്യങ്ങൾ അങ്ങനെയല്ല . അവരിൽ ആശങ്ക ശക്തമാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിയെ വിജയിപ്പിക്കാൻ പറ്റുമെന്ന കാര്യത്തിൽ, ലീഗിനും വലിയ ആത്മവിശ്വാസമുണ്ട്. എന്നാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയ 20 -ൽ 19 സീറ്റെന്ന വമ്പൻ നേട്ടം , ഇത്തവണ ആവർത്തിക്കാൻ കഴിയില്ലന്നാണ് , ലീഗ് നേതാക്കൾ വിലയിരുത്തുന്നത്.
എത്ര സീറ്റുകളിൽ യു.ഡി.എഫ് വിജയിക്കുമെന്ന ചോദ്യത്തിന് , സ്വന്തം അണികൾക്കുപോലും , കൃത്യമായ ഒരുമറുപടി നൽകാൻ ലീഗ് നേതൃത്വത്തിനു ഇനി കഴിയുകയില്ല. 5 സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ , ഒരു സംസ്ഥാനത്തിൽ മാത്രം വിജയിച്ച രാഹുൽ ഗാന്ധിയുടെ കോൺഗ്രസ്സിൽ, ഇപ്പോൾ ലീഗ് നേതൃത്വത്തിനും വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. ഭാവി പ്രധാനമന്ത്രിയായി ഇനിയും രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടിയാൽ , കേരളത്തിൽ അത് കോമഡി ആയി മാറാനുള്ള സാധ്യതയും ഏറെയാണ്. ഈ യാഥാർത്ഥ്യം , വലിയ പ്രതിസന്ധിയിലേക്കാണ് , ലീഗിനെയും തള്ളിവിട്ടിരിക്കുന്നത്.
ലോകസഭ തിരഞ്ഞെടുപ്പിൽ , കേരളത്തിൽ ഇടതുപക്ഷം മുന്നേറിയാൽ , അടുത്ത തവണയെങ്കിലും അധികാരത്തിൽ വരാൻ കഴിയുമെന്ന , ലീഗിന്റെ പ്രതീക്ഷയാണ് തകർന്നടിയുക. ലോകസഭ തിരഞ്ഞെടുപ്പിൽ ചെങ്കൊടി നേട്ടമുണ്ടാക്കിയാൽ , പിന്നീട് , ഇടതുപക്ഷത്ത് ഒരു ബർത്ത് കിട്ടാനുള്ള വഴി അടയുമെന്ന ഭയവും , ലീഗിലെ പ്രബല വിഭാഗത്തിനുണ്ട്. തുടർച്ചയായി മുന്നാംതവണയും ഇടതുപക്ഷം അധികാരത്തിൽ വന്നാൽ , കേരളത്തിലെ കോൺഗ്രസ്സിന്റെ അവസ്ഥയും അതിദയനീയമാകും. തുടർച്ചയായി ഭരണം നഷ്ടമായാൽ , പിടിച്ചു നിൽക്കാൻ ലീഗിനും കോൺഗ്രസ്സിനും ഒരിക്കലും കഴിയുകയില്ല. കർണ്ണാടക നൽകിയ പ്രതീക്ഷയാണ് , അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലൂടെ അസ്തമിച്ചിരിക്കുന്നത്.
കോൺഗ്രസ്സ് ഭരണത്തിൽ വന്ന തെലങ്കാനയിൽ , ഭരണവിരുദ്ധ വികാരമാണ് , കോൺഗ്രസ്സിനു നേട്ടമുണ്ടാക്കിയിരിക്കുന്നത്. അതല്ലാതെ , രാഹുൽ ഗാന്ധിക്ക് ലഭിച്ച വോട്ടായിരുന്നില്ല. എന്നാൽ , മധ്യപദേശിലും രാജസ്ഥാനിലും ചത്തിസ്ഗഢിലും , ബി.ജെ.പിക്ക് ലഭിച്ച വോട്ടുകൾ എല്ലാം , നരേന്ദ്ര മോദിക്ക് ലഭിച്ച വോട്ടുകളാണ്. ഈ മൂന്ന് സംസ്ഥാനങ്ങളിലും , മോദിയെ ഉയർത്തിക്കാട്ടിയാണ് , ബി.ജെ.പി വോട്ടുകൾ തേടിയിരുന്നത്. മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ , രാഹുൽ ഗാന്ധി തമ്പടിച്ച് പ്രചരണം നയിച്ച മീസോറോമിൽ പോലും , കോൺഗ്രസ്സ് തകർന്നടിയുകയാണ് ഉണ്ടായത്. ക്രൈസ്തവ ഭൂരിപക്ഷമുള്ള ഈ കൊച്ചു സംസ്ഥാനത്തെ ജനങ്ങൾക്ക് പോലും , വിശ്വസിക്കാൻ പറ്റാത്ത നേതാവായി രാഹുൽ ഗാന്ധി മാറി കഴിഞ്ഞു. കോൺഗ്രസ്സിനെ സംബന്ധിച്ച് അപകടകരമായ സാഹചര്യമാണിത്.
ഈ അവസ്ഥയിൽ , കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുടെ നിലപാടും ഇനി നിർണ്ണായകമാകും. യു.ഡി.എഫിനെ പിന്തുണച്ചിരുന്ന മുസ്ലിം – ക്രൈസ്തവ വിഭാഗങ്ങളിൽ , ഇടതുപക്ഷം സ്വാധീനം വർദ്ധിപ്പിച്ചതാണ് , പിണറായി സർക്കാറിന് രണ്ടാമൂഴം ലഭിക്കാൻ കാരണമായിരുന്നത്. ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ട് ബാങ്കായ ….ഹൈന്ദവ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്താൻ , “പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും” ബി.ജെ.പിക്കും സാധിച്ചിരുന്നില്ല. ഈ അവസ്ഥയ്ക്ക് ഇതുവരെ മാറ്റം സംഭവിച്ചിട്ടില്ലന്നതാണ് , നവകേരള സദസ്സും നൽകുന്ന സൂചന. ലീഗ് ശക്തി കേന്ദ്രമായ മലപ്പുറം ജില്ലയിൽ അടക്കം , ഓരോ മണ്ഡലങ്ങളിലും , പതിനായിരങ്ങളാണ് , സഞ്ചരിക്കുന്ന കാബിനറ്റിനെ കാണാൻ എത്തിയിരിക്കുന്നത്.
യു.ഡി.എഫ് ബഹിഷ്ക്കരിച്ചിട്ടും , വൻ ജനപങ്കാളിത്വം നവകേരള സദസ്സിൽ പങ്കെടുക്കുന്നത്, ഇടതുപക്ഷത്തെയും ആവേശത്തിലാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ…തീർച്ചയായും ചുവപ്പ് രാഷ്ട്രീയത്തിനാണ് , കേരളത്തിൽ ഗുണം ചെയ്യുകയെന്നാണ് , രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ഉത്തരേന്ത്യയിൽ, തീവ്ര ഹിന്ദുത്വ വാദം പയറ്റിയിട്ടു പോലും , കോൺഗ്രസ്സിലും രാഹുൽ ഗാന്ധിയിലും വിശ്വാസമില്ലന്നാണ് , ജനങ്ങൾ വിധിയെഴുതിയിരിക്കുന്നത്. ഇതിന്റെ പ്രതിഫലനം, കേരളത്തിലെ ന്യൂനപക്ഷങ്ങളിലും പ്രകടമായാൽ , മുസ്ലീംലീഗിന്റെ വോട്ട് ബാങ്കിലാണ് വിള്ളൽ വീഴുക. ഇപ്പോൾ തന്നെ, പൊന്നാനി ലോകസഭ മണ്ഡലത്തിൽ , ലീഗിന്റെ അവസ്ഥ ദയനീയമാണ്.
ശക്തനായ ഒരു സ്ഥാനാർഥിയെ ഇടതുപക്ഷം രംഗത്തിറക്കിയാൽ , ലീഗിന്റെ ഈ പൊന്നാപുരം കോട്ടയും ആടി ഉലയും , പൊന്നാനി ഇടതുപക്ഷം പിടിച്ചെടുത്തു കഴിഞ്ഞാൽ , പിന്നെ… ലീഗ് ആഗ്രഹിച്ചാൽ പോലും , ഇടതുപക്ഷത്ത് ഒരു ബർത്ത് കിട്ടണമെന്നില്ല. ലീഗിനെ പിളർത്തി ഒരു വിഭാഗത്തെ ഒപ്പംകൂട്ടാനാണ് , അത്തരമൊരു സാഹചര്യത്തിൽ ഇടതുപക്ഷം ശ്രമിക്കുക. ലോകസഭ തിരഞ്ഞെടുപ്പിൽ , കേരളത്തിൽ നിന്നും 15-ൽ കുറയാത്ത സീറ്റുകളിലാണ് , ഇടതുപക്ഷത്തിന്റെ ഉന്നം. യു.ഡി.എഫിനു തിരിച്ചടി ലഭിച്ചാൽ , സംസ്ഥാന കോൺഗ്രസ്സിലും വലിയ പൊട്ടിത്തെറിയുണ്ടാകും. മുതിർന്ന പല നേതാക്കളും , ബി.ജെ.പിയിൽ ചേക്കേറാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയുകയില്ല. സംഘപരിവാർ ആഭിമുഖ്യമുള്ള നിരവധി നേതാക്കൾ , ഇപ്പോൾ തന്നെ കോൺഗ്രസ്സ് തലപ്പത്ത് ഉണ്ടെന്നതും , ഒരു യാഥാർത്ഥ്യമാണ്…
EXPRESS KERALA VIEW