ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചന. നവംബര്‍ രണ്ടാം വാരത്തിനും ഡിസംബര്‍ ആദ്യവാരത്തിനും ഇടയില്‍ വോട്ടെടുപ്പ് നടക്കാനാണ് സാധ്യതയെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഒക്ടോബര്‍ 8 നും 10 നും ഇടയില്‍ തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. നാല് സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്നേക്കും. രാജസ്ഥാന്‍, മധ്യപ്രദേശ്, മിസോറാം, തെലങ്കാന എന്നിവിടങ്ങളിലാണ് 2018ലെപ്പോലെ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുക. ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടക്കാനാണ് സാധ്യതയെന്നും ഇസി വൃത്തങ്ങള്‍ അറിയിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലെയും പോളിംഗ് തീയതികള്‍ വ്യത്യസ്തമായിരിക്കാം. എന്നാല്‍ വോട്ടെണ്ണല്‍ ഒരുമിച്ച് നടക്കും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി, രാജസ്ഥാന്‍, മിസോറാം, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഇസി വിലയിരുത്തി. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് അന്തിമരൂപം നല്‍കുന്നതിനായി തെരഞ്ഞെടുപ്പ് ബോഡി നിരീക്ഷകരുടെ യോഗം വിളിച്ചിട്ടുണ്ട്.