അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന് ത്രിപുരയില്‍ തുടക്കമാകുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയുടെ പ്രചരണം പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം. സിപാഹിജാല ജില്ലയിലെ സോനാമുറയിലും ഉനാകോട്ടി ജില്ലയിലെ കൈലാശഹറിലും തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി സംസാരിക്കുന്നതാണ്.
2014ല്‍ പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായാണ് മോദി ത്രിപുരയില്‍ ഒരു രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുക്കുന്നത്. ഒരു ലക്ഷത്തിലധികം പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംസ്ഥാനത്തെ ബിജെപി വക്താവ് മൃണാല്‍ കാന്തി അറിയിച്ചു. കൂടാതെ സംസ്ഥാനത്തെ ഗോത്രവര്‍ഗ വിഭാഗങ്ങളുടെ വോട്ടുകള്‍ ബിജെപിയ്ക്ക് അനുകൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ത്രിപുരയില്‍ ബിജെപി അധികാരത്തിലെത്തുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ശക്തമായ പ്രചരണമാണ് പാര്‍ട്ടി സംസ്ഥാനത്ത് നടത്തി വരുന്നത്. 60 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 18ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മാര്‍ച്ച് മൂന്നിനായിരിക്കും. 1993 മുതല്‍ സിപിഐഎം അധികാരത്തിലുള്ള ത്രിപുരയില്‍ ഏതുവിധേനെയും ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
എന്നാല്‍ ജനങ്ങളുടെ ശക്തമായ പിന്തുണയുള്ള സിപിഐഎമ്മിന്റെ ഏറ്റവും വലിയ ശക്തിയായ മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ തന്നെയാണ് ബിജെപിയ്ക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. ബിജെപിയെ സംബന്ധിച്ചും സിപിഐഎമ്മിനെ സംബന്ധിച്ചും ഏറെ നിര്‍ണായകമാണ് ത്രിപുരയിലെ ഫലം.