നിയമസഭാ തെരഞ്ഞെടുപ്പ്: പൊലീസ് വിന്യാസം പൂര്‍ത്തിയായി: നിരീക്ഷണം ശക്തം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഉള്‍പ്രദേശങ്ങളില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നത് തടയുന്നതിനും മറ്റ് അക്രമസംഭവങ്ങള്‍ കണ്ടെത്തുന്നതിനും രാവിലെ മുതല്‍ തന്നെ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തും. ഇതിന്റെ ദൃശ്യങ്ങള്‍ അപ്പപ്പോള്‍ പട്രോളിംഗ് ടീമിനും പൊലീസ് ആസ്ഥാനത്തെ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമിനും ലഭ്യമാക്കും.

പോളിംഗ് ബൂത്തുകള്‍ സ്ഥിതിചെയ്യുന്ന 13,830 സ്ഥലങ്ങളെ ബന്ധിപ്പിച്ച് 1694 ഗ്രൂപ്പ് പട്രോള്‍ ടീമുകള്‍ ഉണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാനായി 95 കമ്പനി പൊലീസ് സേന, സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

കൂടാതെ ഓരോ പൊലീസ് സ്റ്റേഷനും കേന്ദ്രീകരിച്ച് കേന്ദ്രസേനാംഗങ്ങള്‍ ഉള്‍പ്പെട്ട ഒരു ലോ ആന്‍ഡ് ഓര്‍ഡര്‍ പട്രോള്‍ ടീം, ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഓരോ ഇലക്ഷന്‍ സബ്ബ് ഡിവിഷനിലും പ്രത്യേക പട്രോള്‍ ടീം എന്നിവയും ക്രമസമാധാനപാലനത്തിന് ഉണ്ടായിരിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മദ്യം കടത്തല്‍, കള്ളക്കടത്ത് മുതലായവ തടയുന്നതിനും മറ്റുമായി 152 അതിര്‍ത്തി കേന്ദ്രങ്ങളില്‍ പ്രത്യേക പരിശോധനയും നിരീക്ഷണവും തുടങ്ങി.

Top