ഡല്‍ഹി: മൂന്നുതവണ മുഖ്യമന്ത്രിയായ രമണ്‍ സിങ് ഇത്തവണ ഛത്തീസ്ഗഡില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവില്ലെന്നു സൂചന. ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മുഖമില്ലാതെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി തയ്യാറാവുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസിന്റെ കയ്യിലുള്ള ഛത്തീസ്ഗഢ് തിരിച്ചുപിടിക്കാമെന്നാണ് ബിജെപി മോഹം.
പ്രധാനമന്ത്രി മോദിയുടെ റായ്പുര്‍ സന്ദര്‍ശനത്തിനു മുന്‍പുതന്നെ ഇക്കാര്യം തീരുമാനിച്ചിരുന്നു. ജൂലൈ ഏഴിന് റായ്പുര്‍ സന്ദര്‍ശന വേളയില്‍ നിരവധി പദ്ധതികള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കിടയിലുള്ള വിഭാഗീയത ഇല്ലാതാക്കാനാണ് പാര്‍ട്ടിയുടെ പുതിയനീക്കമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. പ്രമുഖ നേതാക്കളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ് ഓം മാഥുര്‍, കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ എന്നിവര്‍ക്കാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ ചുമതല.
2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബിജെപിക്ക് ഇത്തവണ ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ആകെയുള്ള 90ല്‍ 15 സീറ്റുകള്‍ മാത്രമാണ് അന്ന് ബിജെപിക്ക് നേടാനായത്. കോണ്‍ഗ്രസ് 68 സീറ്റ് നേടി. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വോട്ടുവിഹിതത്തിലെ വ്യത്യാസം 10 ശതമാനം വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലേറെ വോട്ടും 11ല്‍ 9 സീറ്റും നേടാനായത് ബിജെപിക്ക് ആശ്വാസം പകരുന്നുണ്ട്.
കാലാവധി പൂര്‍ത്തിയാക്കുന്ന ബാഗേല്‍ സര്‍ക്കാരിനെതിരെയുള്ള ജനവികാരം വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഛത്തീസ്ഗഡിനു പുറമെ മധ്യപ്രദേശ്, മിസോറം, രാജസ്ഥാന്‍, തെലങ്കാന എന്നിവിടങ്ങളിലും ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കും. അടുത്ത വര്‍ഷം വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായുള്ള തയാറെടുപ്പുകൂടിയാകും ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്.