കയ്യാങ്കളിക്കേസ് പിന്‍വലിക്കല്‍ ; മുഖ്യമന്ത്രിയുടെ യശസിനെ പ്രതികൂലമായി ബാധിക്കും

thiruvanchoor-radhakrishnan19

കോട്ടയം: നിയസഭയിലെ കയ്യാങ്കളിക്കേസ് പിന്‍ലിക്കാനുള്ള നീക്കത്തിനെതിരെ മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. എല്‍.ഡി.എഫ് അംഗങ്ങള്‍ പ്രതികളായ കേസ് പിന്‍വലിക്കുന്നത് മുഖ്യമന്ത്രിയുടെ യശസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ വ്യക്തമാക്കിയത്.

അതേസമയം അക്രമത്തിന് മുഖ്യമന്ത്രി കൂട്ടുനില്‍ക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും,കേസില്‍ സര്‍ക്കാറിന്റെ കൈയ്യിലുള്ള സാക്ഷിപ്പട്ടിക സാങ്കേതികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അക്രമസംഭവങ്ങള്‍ തല്‍സമയം കണ്ട ലോകമെമ്പാടുമുള്ള ജനങ്ങളാണ് കേസിലെ സാക്ഷികള്‍. പ്രതികള്‍ ചെയ്ത കുറ്റങ്ങള്‍ എന്തെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

2015 മാര്‍ച്ചില്‍ കെ.എം മാണി ബജറ്റ് അവതരണത്തിനിടെയാണ് നിയമസഭയില്‍ കയ്യാങ്കളി സംഭവം നടന്നത്. ഇതി സംബന്ധിച്ച കേസ് പിന്‍വലിക്കാന്‍ മുന്‍ എംഎല്‍എ വി ശിവന്‍ കുട്ടി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി അപേക്ഷ നിയമ വകുപ്പിന് കൈമാറി. ബാര്‍ കോഴക്കേസ് കത്തി നില്‍ക്കുന്ന സമയത്തായിരുന്നു മാണിയുടെ ബജറ്റ് ചര്‍ച്ച നടന്നത്.

പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ സംഭവിച്ച് പോയതാണ്. അതിനാല്‍ കേസ് പിന്‍വലിക്കണമെന്നാണ് ശിവന്‍കുട്ടിയുടെ നിവേദനത്തില്‍ പറയുന്നത്. ഇതുവരെ അപേക്ഷയുടെ മറുപടി നിയമവകുപ്പില്‍ നിന്ന് ആഭ്യന്തര വകുപ്പിന് ലഭിച്ചിട്ടില്ല. കേസ് പിന്‍വലിക്കുന്ന കാര്യത്തില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കുക. സര്‍ക്കാര്‍ പിന്‍വലിച്ചാലും കോടതി സ്വീകരിച്ചാല്‍ മാത്രമേ തീര്‍പ്പാകൂ.

വി.ശിവന്‍കുട്ടി, ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍, കെ.അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍,സി.കെ.ശിവദാസന്‍ എന്നിവരാണ് പ്രതികള്‍. രണ്ട് ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കേസ്. കെ.എം.മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്താനായിരുന്നു അക്രമം.

സംഭവവുമായി ബന്ധപ്പെട്ട് ആദ്യം സിറ്റി പൊലീസാണ് അന്വേഷണം നടത്തിയത്. എന്നാല്‍ ഈ അന്വേഷണം തൃപ്തികരമല്ലെന്ന അഭിപ്രായത്തെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം നടത്തിയിരുന്നു. മാര്‍ച്ച് മാസത്തില്‍ തന്നെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ആറ് സിപിഐഎം എംഎല്‍എമാരെ പ്രതികളാക്കി തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് ഈ ആറ് പേരും കോടതിയില്‍ ഹാജരായി ജാമ്യം എടുത്തിരുന്നു.

ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയ മാണിയെ പ്രതിപക്ഷാംഗങ്ങള്‍ തടയാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് വന്‍ പ്രതിക്ഷേധത്തിനായിരുന്നു സഭ സാക്ഷ്യം വഹിച്ചത്. സ്പീക്കറുടെ കസേരയും കമ്പ്യൂട്ടറും പ്രതിപക്ഷാംഗങ്ങള്‍ ഡയസ്സില്‍ നിന്നും തള്ളി പുറത്തേക്കെറിയുകയായിരുന്നു. തുടര്‍ന്ന് മാണി പിന്‍വശത്തെ വാതിലിലൂടെ സഭയ്ക്കകത്ത് പ്രവേശിച്ച് ഭരണപക്ഷ എംഎല്‍എമാരുടെയും, വാച്ച് ആന്റ്‌ വാര്‍ഡിന്റെയും സംരക്ഷണത്തില്‍ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു.

Top