തിരുവനന്തപുരം: ചില നിയമസഭാംഗങ്ങള്‍ തീവ്രവാദ സ്വഭാവമുള്ളവരെ പ്രോത്സാഹിപ്പിക്കുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തെ തുടര്‍ന്ന് നിയമസഭയില്‍ പ്രതിഷേധം. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. നോട്ടീസ് സ്പീക്കര്‍ നിരാകരിച്ചതോടെ പ്രതിപക്ഷാംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു.
ആലുവക്കാരെ മുഴുവന്‍ മുഖ്യമന്ത്രി അപമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആലുവ എടത്തലയില്‍ യുവാവിനെ പൊലീസ് മര്‍ദിച്ചതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി നല്‍കിയ നോട്ടീസിനു മറുപടി പറയവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.