തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി തള്ളി. കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യവും കോടതി തള്ളി. തിരുവനന്തപുരം സി ജെ എം കോടതിയാണ് ഹര്‍ജികള്‍ തള്ളിയത്.
ചെന്നിത്തലയ്ക്കും അഭിഭാഷക പരിക്ഷത്തിനും തടസ ഹര്‍ജി നല്‍കാന്‍ അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. അതേസമയം നിലവിലെ പ്രോസിക്യൂട്ടര്‍ സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥന്‍ മാത്രമല്ല കോടതിയെ സഹായിക്കാനുള്ള ഉദ്യോഗസ്ഥന്‍ കൂടിയാണെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്ന ചെന്നിത്തലയുടെ ആവശ്യവും തള്ളിക്കൊണ്ട് കോടതി വിധിയില്‍ പറയുന്നു.
എന്നാല്‍ നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രിം കോടതി വരെ നിയമപോരാട്ടം നടത്തിയതിനാല്‍ തനിക്ക് തടസ ഹര്‍ജി ഫയല്‍ ചെയ്യാന്‍ അതികാരമുണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വാദം. കേസില്‍ അപരിചിതരെ കക്ഷി ചേര്‍ക്കാന്‍ കഴിയില്ലെന്ന് വിധിയില്‍ സി ജെ എം കോടതി വ്യക്തമാക്കി. അതേസമയം പ്രതികളുടെ വിടുതല്‍ ഹര്‍ജികളുടെ വാദം കോടതി ഈ മാസം 23 ന് കേള്‍ക്കും.