നിയമസഭാ കയ്യാങ്കളിക്കേസ്; മന്ത്രി ശിവന്‍കുട്ടി രാജി വെയ്ക്കണമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രീംകോടതി വിധിക്കു പിന്നാലെ മന്ത്രി വി.ശിവന്‍കുട്ടി രാജി വെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമസഭയില്‍ നടക്കുന്ന ആക്രമസംഭവങ്ങളില്‍ എം.എല്‍.എമാര്‍ക്ക് ലഭിക്കുന്ന യാതൊരു പ്രിവിലേജും ഉണ്ടാകില്ലെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുകയാണ്. ഈക്കാര്യം നേരത്തെ യു.ഡി.എഫ് ഉന്നയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ സഭയിലെ ഒരു മന്ത്രിയും ഒരു എം.എല്‍.എയും ഉള്‍പ്പെടെ ആറ് പേര്‍ വിചാരണ നേരിടേണ്ട സ്ഥിതിയാണ്. വിചാരണ നേരിടാന്‍ സുപ്രീം കോടതി അന്തിമ വിധി പ്രസ്താവിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി സ്ഥാനം രാജിവെയ്ക്കണം. വിചാരണ നേരിടുന്ന ഒരു മന്ത്രിസഭയില്‍ ഉള്ളത് അംഗീകരിക്കാന്‍ കഴിയില്ല.

മന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. സ്വര്‍ണകള്ളക്കടത്തും മറ്റ് കേസുകളുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന പേരുകള്‍ ഡി.വൈ.എഫ്.ഐയുടെയും സി.പി.എം പ്രവര്‍ത്തകരുടെയും പേരാണ്. നിയമസഭയിലെ അംഗങ്ങള്‍ക്ക് പ്രിവിലേജ് ഉണ്ടെങ്കില്‍ ഒരു നിയമസഭാ അംഗം മറ്റൊരു നിയമസഭാ അംഗത്തെ കുത്തികൊന്നാല്‍ കേസെടുക്കാന്‍ കഴിയില്ലെ എന്നാണ് തങ്ങള്‍ നേരത്തെ ചോദിച്ചത്. ഇത് തന്നെയാണ് സുപ്രീംകോടതി ആവര്‍ത്തിച്ചത്.

ഒരു നിയമസഭാ അംഗം മറ്റൊരു അംഗത്തെ വെടിവെച്ച് കൊന്നാല്‍ അത് കുറ്റമാണ്. അതിലൊരു പ്രിവിലേജുമില്ല. സഭയ്ക്ക് അകത്തും പുറത്തും ഏതൊരു പൗരന്‍ എന്ത് കുറ്റം ചെയ്താലും അത് തെറ്റാണെന്നും സതീശന്‍ പറഞ്ഞു

 

Top