assembly session question hour and udf agitation

kerala assembly

തിരുവനന്തപുരം: സ്വാശ്രയപ്രശ്‌നത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാനടപടികള്‍ വെട്ടിച്ചുരുക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ ഇന്നത്തെയും നാളത്തെയും സഭാനടപടികള്‍ വെട്ടിച്ചുരുക്കുകയായിരുന്നു.

സര്‍ക്കാരിന് പരിമിതിയുണ്ടെന്നും തന്റെ പിടിവാശിയല്ല പ്രശ്‌നപരിഹാരത്തിന് തടസമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സമവായമുണ്ടാക്കാനാണ് ശ്രമിച്ചത്.

ആരോഗ്യമന്ത്രിയെയും സെക്രട്ടറിയെയും ആക്ഷേപിച്ചെന്നത് കെട്ടുകഥ മാത്രമാണ്. വിട്ടുവീഴ്ച പറ്റില്ലന്ന് പറഞ്ഞത് മാനേജ്‌മെന്റകളാണെന്നും പിണറായി പറഞ്ഞു. ഇനി പത്തുദിവസത്തെ അവധിക്കുശേഷമേ സഭ ചേരുകയുള്ളൂ.

സഭ ആരംഭിച്ച ഉടനെ തന്നെ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തിലേക്കിറങ്ങുകയായിരുന്നു. തുടര്‍ന്ന് ചോദ്യോത്തരവേള തടസപ്പെടുത്തുകയും ചെയ്തു.

സ്പീക്കറുടെ ഡയസിനു താഴെ എത്തി പ്രതിപക്ഷ എംഎല്‍എമാര്‍ ബഹളം വെച്ചു. ഒരേ വിഷയത്തിന്റെ പേരില്‍ സഭാനടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുത്തുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

അടിയന്തര പ്രാധാന്യമുളള വിഷയങ്ങള്‍ പലതും ചര്‍ച്ച ചെയ്യേണ്ടതാണെന്നും ലോകം മുഴുവന്‍ ഇത് കാണുകയാണെന്നും നിങ്ങള്‍ സഭാ നടപടികളുമായി സഹകരിക്കണമെന്നും സ്പീക്കര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടായിരുന്നു. തുടര്‍ന്നും പ്രതിപക്ഷം പിന്‍വാങ്ങാത്തത് കൊണ്ടാണ് ചോദ്യോത്തര വേള നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ച് സ്പീക്കര്‍ ഡയസ് വിട്ടെഴുന്നേറ്റത്.

പ്രതിപക്ഷത്തിന്റേത് നിര്‍ഭാഗ്യകരമായ നിലപാടാണെന്നും സ്പീക്കര്‍ പറഞ്ഞു.സഭ തടസപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി.

സ്വാശ്രയ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിഷേധാത്മക നിലപാട് തുടരുകയാണെന്നും അതിനാല്‍ സമരം കൂടുതല്‍ ശക്തമാക്കാനുമാണ് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനിച്ചത്.

സഭാ നടപടികളുമായി ഒരു തരത്തിലും സഹകരിക്കേണ്ടെന്നും സഭ പൂര്‍ണമായും സ്തംഭിപ്പിക്കാനുമാണ് പ്രതിപക്ഷത്തിന്റെ തീരുമാനമെന്നാണ് സൂചന.

നിയമസഭയുടെ പ്രവേശന കവാടത്തില്‍ ഏഴു ദിവസമായി നിരാഹാരം സമരം നടത്തിവന്ന കോണ്‍ഗ്രസ് എംഎല്‍എമാരായ ഷാഫി പറമ്പിലിനെയും ഹൈബി ഈഡനെയും ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഇവര്‍ക്ക് പകരം എംഎല്‍എമാരായ വിടി ബല്‍റാമും റോജി ജോണുമാണ് നിരാഹാര തുടരുന്നത്. ഇവര്‍ക്കൊപ്പം ലീഗ് എംഎല്‍എമാരായ പി.ഉബൈദുല്ലയും ടി.വി.ഇബ്രാഹിമും അനുഭാവ സത്യഗ്രഹവുമായി വേദിയിലുണ്ട്.

Top