നിയമസഭ സമ്മേളനം ഇന്ന് മുതല്‍ ആരംഭിക്കും ; അങ്കത്തിനുറച്ച് പ്രതിപക്ഷവും

തിരുവനന്തപുരം: നിയമസഭ സമ്മേളനം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. വരാപ്പുഴ കസ്റ്റഡി കൊലപാതകവും കോട്ടയത്തെ കെവിന്റെ മരണവും പ്രതിപക്ഷം സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കും. അതേസമയം ചെങ്ങന്നൂര്‍ വിജയത്തിളക്കവുമായാണ് ഭരണപക്ഷമെത്തുക.

പതിനാലാം കേരള നിയമസഭയുടെ 11ാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. ഇന്നും നാളെയുമായി ആറു ബില്ലുകള്‍ സഭ പരിഗണിക്കും. 2018 ലെ കേരള മുന്‍സിപ്പാലിറ്റി (ഭേദഗതി) ബില്‍, 2018ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബില്‍, 2018ലെ കേരള മുന്‍സിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബില്‍ എന്നീ ബില്ലുകളാണ് സഭ ഇന്ന് പരിഗണിക്കുന്നത്.

2018ലെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല (ഭേദഗതി) ബില്‍, 2018ലെ കേരള സര്‍വകലാശാല (ഭേദഗതി) ബില്‍, 2018ലെ കേരള സര്‍വകലാശാല (സെനറ്റിന്റെയും സിന്‍ഡിക്കേറ്റിന്റെയും താല്‍ക്കാലിക ബദല്‍ ക്രമീകരണം) ബില്‍ എന്നിവ നാളെ പരിഗണിക്കും. 2018-19 വര്‍ഷത്തെ ബജറ്റിലെ ഉപധനാഭ്യര്‍ത്ഥനകളുടെ ചര്‍ച്ചയും വോട്ടെടുപ്പും ജൂണ്‍ 13ന് നടക്കും.

നിയമനിര്‍മാണത്തിനായി നീക്കിവെച്ചിട്ടുള്ള മറ്റു ദിവസങ്ങളില്‍ കാര്യോപദേശക സമിതി തീരുമാനിക്കുന്നതിന്റെ അടിസ്ഥാനത്തിലുള്ള ബില്ലുകള്‍ സഭ പരിഗണിക്കും. നിലവിലെ കലണ്ടര്‍ പ്രകാരം 14, 15 തിയതികളില്‍ സഭ സമ്മേളിക്കില്ല. നടപടികള്‍ പൂര്‍ത്തിയാക്കി 21ന് സമ്മേളനം അവസാനിപ്പിക്കും.

Top