തിരുവനന്തപുരം: കേരള സര്‍വ്വകലാശാല മാര്‍ക്ക് ദാനത്തിനെതിരെ സമരം ചെയ്ത ഷാഫി പറമ്പില്‍ എംഎല്‍എ അടക്കമുള്ളവരെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചു നിയമസഭയില്‍ പ്രതിപക്ഷ ബഹളം. മൂന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു.
ചൊവ്വാഴ്ച കെ.എസ്.യു. നടത്തിയ നിയമസഭാ മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് തുടങ്ങിയവര്‍ക്ക് പോലീസ് മര്‍ദനമേറ്റ സംഭവത്തെ തുടര്‍ന്നാണ് സഭ പ്രക്ഷുബ്ധമായത്. വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചു. അന്വേഷണം നടത്തി ഉചിതമായ നടപടിയിലേക്ക് പോകാമെന്ന് മുഖ്യമന്ത്രിക്കു വേണ്ടി ഇ.പി.ജയരാജന്‍ മറുപടി നല്‍കി.
മുഖ്യമന്ത്രി പിണറായി വിജയന്‍ ചേംബറിലെത്തി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനുമായി ചര്‍ച്ച നടത്തി.കക്ഷി നേതാക്കളെ സ്പീക്കര്‍ ചര്‍ച്ചയ്ക്കു വിളിച്ചു. സഭാ നടപടികളുമായി സഹകരിക്കാന്‍ കക്ഷിനേതാക്കളോടു സ്പീക്കര്‍ അഭ്യര്‍ഥിച്ചു.വൈകാതെ സഭാ നടപടികള്‍ പുനഃരാരംഭിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്കു പിരിഞ്ഞു.
സഭ തടസപ്പെടുത്തിയ നാലു പേര്‍ക്കെതിരെ നടപടി ആലോചിക്കുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു. ആലുവഎം.എല്‍.എ അന്‍വര്‍ സാദത്ത്, അങ്കമാലി എം.എല്‍.എ റോജി എം. ജോണ്‍, സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പള്ളിഎന്നിവരാണ് ഡയസില്‍ കയറിയത്. നാലു പേരും സഭാ മര്യാദകള്‍ ലംഘിച്ചെന്ന് സ്പീക്കര്‍ പറഞ്ഞു.
അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ച് വി.ടി.ബല്‍റാം പ്രസംഗിച്ചപ്പോള്‍ ഭരണപക്ഷ ബെഞ്ചുകളില്‍ നിന്ന് പരിഹാസം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുപക്ഷവും നേര്‍ക്കുനേര്‍ വന്നത്.