നാദാപുരം : മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിനെ കൊലപ്പെടുത്താന്‍ അക്രമി സംഘമെത്തിയ ഇന്നോവ കാറിന്റെ ആര്‍സി ഉടമയെ പൊലീസ് തിരിച്ചറിഞ്ഞു.
കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയാണ് കാറിന്റെ ആര്‍സി ഉടമ. രണ്ടുവര്‍ഷം മുന്‍പ് വാഹനം മറിച്ചുവിറ്റെന്ന് ഇയാള്‍ പൊലീസിനു മൊഴി നല്‍കി. അതേസമയം, വാഹനം രണ്ടോ മൂന്നോ തവണ കൈമാറ്റം ചെയ്യപ്പെട്ടതായാണ് വിവരം. വാഹനം അവസാനം വാങ്ങിയ വ്യക്തിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അസ്‌ലമിനെ ഒരു സംഘംപേര്‍ ചേര്‍ന്ന് വെട്ടി കൊലപ്പെടുത്തിയത്. ആറംഗ സംഘമാണു കൊല നടത്തിയതെന്നാണു പൊലീസ് നിഗമനം. അഞ്ചു പേര്‍ കാറില്‍നിന്നിറങ്ങി അസ്‌ലമിനെ വെട്ടുകയും ഒരാള്‍ കാര്‍ ഓടിക്കുകയുമാണു ചെയ്തതെന്നാണു സൂചന.
അസ്‌ലമിന്റെ കൂടെയുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളാണു കൊലപാതകത്തിന്റെ ദൃക്‌സാക്ഷികള്‍. തൂണേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സി.കെ. ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിട്ടയയ്ക്കപ്പെട്ടതു മുതല്‍ അസ്‌ലമിനു ഭീഷണിയുണ്ടായിരുന്നതിനാല്‍ അസ്‌ലം തനിച്ചു യാത്ര ചെയ്യാറുണ്ടായിരുന്നില്ല.
രണ്ടു സുഹൃത്തുക്കളോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.