കൊച്ചി: ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പി.യു. ചിത്രയെ ഒഴിവാക്കിയത് ഉഷയും അറിഞ്ഞാണെന്ന് കേരള അത്ലറ്റിക് അസോസിയേഷന്‍.
മലയാളികളെ പൊട്ടന്മാരാക്കാമെന്ന് ഉഷ കരുതേണ്ടെന്നും അസോസിയേഷന്‍ സെക്രട്ടറി പി.ഐ. ബാബു പറഞ്ഞു.
സെലക്ഷന്‍ കമ്മിറ്റി മാനദണ്ഡങ്ങള്‍ ലംഘിച്ചത് ഉഷ ചൂണ്ടിക്കാണിച്ചില്ല. ലോക ചാമ്പ്യന്‍ഷിപ്പിനുള്ള 24 അംഗ ടീമില്‍ ഉഷയുടെ ശിഷ്യ ഉള്‍പ്പെടെ 11 പേര്‍ ഇന്റര്‍ സ്റ്റേറ്റ് മീറ്റില്‍ പങ്കെടുത്തിട്ടില്ലെന്നും ബാബു ആരോപിച്ചു. ടീം സെലക്ഷനിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി ദേശീയ അത്ലറ്റിക് ഫെഡറേഷന് തുറന്ന കത്തയക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന കേരള അത്ലറ്റിക് അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
ചിത്രയെ ഒഴിവാക്കിയതില്‍ ഉഷയ്ക്കും പങ്കുണ്ടെന്ന് നേരത്തെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജി.എസ്. രണ്‍ധാവ വെളിപ്പെടുത്തിയിരുന്നു. അത്ലറ്റിക് ഫെഡറേഷന്‍ ഭാരവാഹികളും പി.ടി. ഉഷയും ചേര്‍ന്നാണ് പി.യു. ചിത്രയെ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത്. ചിത്രയെ ഒഴിവാക്കിയത് തന്റെ മാത്രം തീരുമാനപ്രകാരമല്ലെന്നും രണ്‍ധാവ പറഞ്ഞു.