ചൈനീസ് വാഹന ഭീമനായ എസ്എഐസിയുടെ (SAIC) സബ്‌സിഡിയറിയായ ബ്രിട്ടീഷ് ബ്രാന്‍ഡ് എംജി മോട്ടോര്‍ ഇന്ത്യയിലെ തങ്ങളുടെ അഞ്ചാമത്തെ വാഹന മോഡല്‍ വില്പനക്കെത്തിച്ചു. ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ZS ഇവി, ഗ്ലോസ്റ്റര്‍ എന്നിവയ്ക്ക് പുറകെ എംജിയുടെ അഞ്ചാമനും എസ്യുവിയാണ്, ആസ്റ്റര്‍. ഹെക്ടറിന് (4.6 മീറ്റര്‍) താഴെയായി പൊസിഷന്‍ ചെയ്തിരിക്കുന്ന ആസ്റ്റര്‍ വിപണിയില്‍ ഹ്യുണ്ടേയ് ക്രെറ്റ, കിയ സെല്‍റ്റോസ്, നിസ്സാന്‍ കിക്സ്, റെനോ ഡസ്റ്റര്‍, സ്‌കോഡ കുഷാക്ക്, ഫോക്‌സ്വാഗണ്‍ ടൈഗൂണ്‍ എന്നീ എസ്യുവികളോടാണ് മത്സരിക്കുന്നത്.
ZS ഇവി ഇലക്ട്രിക്ക് എസ്യുവിയുടെ പെട്രോള്‍ പതിപ്പാണ് യഥാര്‍ത്ഥത്തില്‍ ആസ്റ്റര്‍. അതെ സമയം ചില സ്‌റ്റൈലിംഗ് പരിഷ്‌കാരങ്ങള്‍ വരുത്തി ആസ്റ്ററിനെ വ്യത്യസ്ഥമാക്കാന്‍ എംജി മോട്ടോര്‍ ശ്രമിച്ചിട്ടുണ്ട്. ഈ മാസം 21 മുതലാണ് എംജി ആസ്റ്ററിന്റെ ബുക്കിങ് ആരംഭിക്കുക. പ്രാരംഭ വിലയില്‍ 5000 യൂണിറ്റ് ആസ്റ്റര്‍ യൂണിറ്റുകള്‍ ഈ വര്‍ഷം വില്‍ക്കാനാണ് എംജി മോട്ടോര്‍ ഇന്ത്യ പദ്ധതിടുന്നത്.
സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് എംജി ആസ്റ്റര്‍ വില്പനക്കെത്തിയിരിക്കുന്നത്. 9.78 ലക്ഷം മുതല്‍ 16.78 ലക്ഷം വരെയാണ് ഇന്‍ട്രൊഡക്ടറി വില. പനോരമിക് സണ്‍റൂഫ്, ഹീറ്റഡ് ഒആര്‍വിഎം, ഡിജിറ്റല്‍ കീ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പര്‍, 7.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 6-രീതിയില്‍ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ലെതര്‍ അപ്‌ഹോള്‍സ്റ്ററി എന്നിവയാണ് ഇന്റീരിയറിലെ ആകര്‍ഷണങ്ങള്‍.
നിര്‍മ്മിത ബുദ്ധിയുടെയും (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്), ലെവല്‍ 2 ഓട്ടോണമസ് ടെക്‌നോളജിയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നതാണ് എംജി ആസ്റ്ററിനെ എതിരാളികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. മിഡ് റേഞ്ച് റഡാറുകളും ഒരു മള്‍ട്ടി പര്‍പ്പസ് ക്യാമറയുമാണ് ലെവല്‍ 2 ഓട്ടോണമസ് സംവിധാനത്തിനായി ആസ്റ്ററില്‍ ക്രമീകരിച്ചിരിക്കുന്നത്.
അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഫോര്‍വേഡ് കോളിഷന്‍ വാണിംഗ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ പ്രിവന്‍ഷന്‍, ഇന്റലിജന്റ് ഹെഡ്‌ലാമ്പ് കണ്‍ട്രോള്‍ (ഐഎച്ച്‌സി), റിയര്‍ ഡ്രൈവ് അസിസ്റ്റ് (ആര്‍ഡിഎ), സ്പീഡ് അസിസ്റ്റ് സിസ്റ്റം എന്നിവയും സുരക്ഷയ്ക്കായി എംജി ആസ്റ്ററില്‍ ക്രമീകരിച്ചിട്ടുണ്ട്. രണ്ട് പെട്രോള്‍ എന്‍ജിനുകളിലാണ് എംജി ആസ്റ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്.