ഛിന്നഗ്രഹം ‘കാമോ ഒലിവ’ ഒരുപക്ഷെ ചന്ദ്രന്റെ കഷ്ണമാവാം! പുതിയ പഠനങ്ങള്‍ വിശദീകരിക്കുന്നു

കദേശം 32000 ഛിന്നഗ്രഹങ്ങള്‍ ഭൂമിയ്ക്കടുത്തുകൂടി ശൂന്യാകാശത്ത് സഞ്ചരിക്കുന്നുണ്ട്. ശൂന്യാകാശത്തുകൂടി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഗ്രഹങ്ങളോളം വലിപ്പമില്ലാത്ത എന്നാല്‍ ഉല്‍ക്കകളേക്കാളും വലുതുമായ വസ്തുക്കളെയാണ് ഛിന്നഗ്രഹങ്ങള്‍ (ആസ്റ്ററോയിഡ്) എന്ന് വിളിക്കുന്നത്. 1.3 ആസ്ട്രോണമിക്കല്‍ യൂണിറ്റ് ദൂരത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ബഹിരാകാശ വസ്തുക്കളെയാണ് നിയര്‍ എര്‍ത്ത് ഒബ്ജക്ടുകള്‍ അഥവാ ഭൂമിക്ക് സമീപമുള്ള വസ്തുക്കളായി കണക്കാക്കുന്നത്. അക്കൂട്ടത്തില്‍ ഛിന്നഗ്രഹങ്ങളും ഉള്‍പ്പെടുന്നു.

ഈ ഛിന്നഗ്രഹങ്ങള്‍ എങ്ങനെ ഉണ്ടായി എവിടെ നിന്ന് വരുന്നു എന്നത് സംബന്ധിച്ച് കൃത്യമായ ഉത്തരങ്ങളില്ല. എന്നാല്‍ ഇവയില്‍ ഒന്നെങ്കിലും ചന്ദ്രനില്‍ നിന്ന് വേര്‍പെട്ട കഷ്ണമാവുമെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. അങ്ങനെ ഒന്നാണ് കാമോ ഒലിവ എന്ന ഛിന്നഗ്രഹം. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ വന്‍ കൂട്ടിയിടിയുടെ ഫലമായി ചന്ദ്രോപരിതലത്തില്‍ നിന്ന് വേര്‍പെട്ട കഷ്ണമാണ് കാമോ ഒലിവ എന്നാണ് കരുതപ്പെടുന്നത്. 2021ല്‍ അരിസോണ സര്‍വകലാശാലയിലെ ഗവേഷക സംഘമാണ് അത്തരം ഒരു നിരീക്ഷണം ആദ്യം മുന്നോട്ടുവെച്ചത്.

ഇപ്പോള്‍ പുതിയൊരു ഗവേഷക സംഘവും അത്തരം ഒരു സാധ്യത മുന്നോട്ടുവെക്കുകയാണ്. ഭൂമിക്കടുത്തുള്ള ഛിന്നഗ്രഹങ്ങള്‍ ചൊവ്വയുടെ ഭ്രമണ പഥത്തിനും അപ്പുറത്ത് നിന്നാണ് വരുന്നത് എന്നാണ് ശാസ്ത്രജ്ഞര്‍ കരുതിയിരുന്നത്. എന്നാല്‍ കാമോ ഓലിവ ചന്ദ്രന്റെ കഷ്ണമാണെന്ന വാദം പരിഗണിക്കുമ്പോള്‍ അത്തരം ഒരു സാഹചര്യം സാധ്യമാണോ എന്ന് കൂടി പരിശോധിക്കേണ്ടി വരും. ചന്ദ്രനില്‍ നിന്ന് വേര്‍പെട്ടൊരു കഷ്ണത്തിന് ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലം മറികടന്ന് പോവാനാവുമോ എന്നതാണ് ഈ വാദവുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രധാന ചോദ്യം. അവിടെയാണ് പുതിയ പഠനത്തിന്റെ പ്രസക്തി.

മതിയായ വേഗം ഉണ്ടെങ്കില്‍ ചന്ദ്രനില്‍ നിന്ന് വേര്‍പെട്ട കഷ്ണങ്ങള്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണ പരിധിക്കപ്പുറം കടക്കാനാവുമെന്ന് പുതിയ പഠനം പറയുന്നു. ചന്ദ്രനില്‍ ഇതിനകം നിരവധി കൂട്ടിയിടികളുടെ അടയാളങ്ങള്‍ ദൃശ്യമാണ്. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ അത്തരം ഒരു കൂട്ടിയിടിയിലൂടെയാവും ഒറു പാളി വേര്‍പെട്ട് അകലുകയും കാമോ ഒലിവയായി രൂപ്പെടുകയും ചെയ്തത്. സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്ന ഈ ഛിന്നഗ്രഹ്രം മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായി ഭൂമിയോട് കൂടുതല്‍ സാമീപ്യം നിലനിര്‍ത്തുന്നതും അത് ചന്ദ്രനില്‍ നിന്ന് വേര്‍പെട്ടതാണെന്ന വാദത്തിന് ശക്തിപകരുന്ന ഘടകമാണ്.

കമ്മ്യൂണിക്കേഷന്‍സ് എര്‍ത്ത് ആന്റ് എവയണ്‍മെന്റ് ജേണലില്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുന്ന ഈ പഠനത്തില്‍ ചന്ദ്രോപരിതലത്തില്‍ നിന്ന് വേര്‍പ്പെട്ട് കഷ്ണം എങ്ങനെ കാമോ ഒലിവ എന്ന ഭൂമിക്കടുത്തുള്ള ഛിന്നഗ്രഹമായി മാറി എന്ന് വിശദമാക്കുന്നു.

Top