ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന് വരുന്നത് അതി നിര്‍ണ്ണായക ദിനങ്ങള്‍.
സി.ബി.ഐ ഡയറക്ടര്‍ ചുമതലയില്‍ നിന്നും മാറ്റിയതിനെതിരെ അലോക് വര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ടെ ബഞ്ച് എടുക്കുന്ന നിലപാട് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് അലോക് വര്‍മ്മയുടെ ഹര്‍ജി പരിഗണിക്കുന്നത്.
പ്രധാനമന്ത്രി മോദിയുടെ അടുപ്പക്കാരനാണെന്ന് ആക്ഷേപമുയര്‍ന്നിരുന്ന മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നടപടികള്‍ക്കെതിരെ പരസ്യമായി കടുത്ത നിലപാട് സ്വീകരിച്ച വ്യക്തിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. സുപ്രീം കോടതി ജസ്റ്റിസ് ആവുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മുന്‍പ് തടസവാദങ്ങള്‍ ഉയര്‍ത്തിയ ജസ്റ്റിസാണ് മലയാളിയായ കെ.എം ജോസഫ്. കര്‍ക്കശക്കാരനായി അറിയപ്പെടുന്ന എസ്.കെ കൗള്‍ കൂടി ഉള്‍പ്പെടുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് മുന്‍ സി.ബി.ഐ മേധാവി.
രാജ്യത്തെ പ്രധാന കേസുകള്‍ അന്വേഷിക്കുന്ന സി.ബി.ഐ ഡയറക്ടറെ മാറ്റിയത് കടുത്ത ഭാഷയിലാണ് അലോക് വര്‍മ്മയുടെ അഭിഭാഷകന്‍ ചോദ്യം ചെയ്തത്. മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനും സത്യസന്ധനുമായ അലോക് വര്‍മ്മയെ മാറ്റിയ നടപടി രാജ്യത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സുപ്രീം കോടതി വിധി കേന്ദ്ര സര്‍ക്കാറിന് പ്രതികൂലമായാല്‍ അത് ബി.ജെ.പി നേതൃത്വത്തിന് വന്‍ പ്രഹരമാകും.
പ്രത്യേകിച്ച് ലോകസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയുടെ തലപ്പത്ത് ‘അപ്രിയന്‍’ ഇരുന്നാല്‍ വലിയ വെല്ലുവിളിയാകുമെന്ന് ബി.ജെ.പി ഭയക്കുന്നുണ്ട്.
കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും സി.ബി.ഐയിലെ സംഭവ വികാസങ്ങള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. കേന്ദ്ര സര്‍ക്കാറിനും ബി.ജെ.പിക്കും ഉള്‍പ്പെടെ നിര്‍ണ്ണായകമായ പല കേസുകളും ഇപ്പോള്‍ സി.ബി.ഐയുടെ പരിഗണനയിലാണ്.
ജൂനിയര്‍ ഉദ്യോഗസ്ഥന്‍മാര്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള അലോക് വര്‍മ്മ തിരിച്ചു വന്നാല്‍ പക വീട്ടുമെന്ന ഭയത്തിലാണ് ബി.ജെ.പി നേതൃത്വം.
അതേസമയം, അലോക് വര്‍മയുടെ വിശ്വസ്തനും രാകേഷ് അസ്താനക്കെതിരായ കൈക്കൂലി കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനുമായ സി.ബി.ഐ ഡിവൈ.എസ്.പി എ.കെ ബസ്സിയെ പോര്‍ട്ട് ബ്ലയറിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. ഇന്നു തന്നെ പോര്‍ട്ട്ബ്ലയറിലെത്തി ചുമതലയേല്‍ക്കാനാണ് ബസ്സിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സി.ബി.ഐ തലപ്പത്തെ പോരിനൊടുവില്‍ ഇന്നലെയാണ് നിലവിലെ ഡയറക്ടറായ അലോക് കുമാര്‍ വര്‍മ്മയെ ചുമതലകളില്‍ നിന്ന് നീക്കിയത്. ഇന്നലെ അര്‍ദ്ധ രാത്രിയോടെ ചേര്‍ന്ന അടിയന്തര മന്ത്രി സഭായോഗത്തിലാണ് തീരുമാനം. സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ എം. നാഗേശ്വര റാവുവിന് പകരം താത്കാലിക ചുമതല നല്‍കിയിട്ടുണ്ട്.
അഴിമതിക്കേസില്‍ ആരോപണ വിധേയനായ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോട് ഇന്ന് അവധിയില്‍ പ്രവേശിക്കണമെന്ന് സി.ബി.ഐ ഡയറക്ടര്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അഴിമതിക്കുറ്റം അലോക് വര്‍മ തന്റെ മേല്‍ കെട്ടിവെക്കുകയാണെന്നാണ് അസ്താനയുടെ ആരോപണം. സി.ബി.ഐയുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പോര് മുറുകിയതോടെയാണ് ഇരുവരോടും തല്‍സ്ഥാനത്തു നിന്നും മാറി നില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
സി.ബി.ഐ പ്രത്യേക അന്വേഷണ സംഘം തലവനായ രാകേഷ് അസ്താന കേസ് അന്വേഷണത്തിനിടെ കെക്കൂലി വാങ്ങിയെന്ന് ആരോപിച്ച് അലോക് വര്‍മ ഇടപെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്യിപ്പിച്ചത്.