കട്ടപ്പന: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളെ അറിയില്ലെന്ന് കട്ടപ്പനയിലെ ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍. കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി മരിക്കുമ്പോള്‍ ശരീരത്തിലുണ്ടായിരുന്ന തകിട് സംബന്ധിച്ച അന്വേഷണമാണ് കൃഷ്ണകുമാറിലേക്കെത്തിയിരുന്നത്. ഇയാളെ ചോദ്യം ചെയ്യാന്‍ പോലീസ് വിളിച്ചിരുന്നുവെന്നും ഹാജരായില്ലെന്നുമായിരുന്നും വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ ജോളിയുമായി ഒരു തരത്തിലുള്ള പരിചയുവുമില്ല. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വന്ന് പോയവരുടെ പേരുകള്‍ സൂക്ഷിക്കാറില്ല. തകിട് പൂജിച്ച് കൊടുക്കാറുണ്ട്. ഏലസിന് അകത്ത് ഭസ്മമാണുള്ളത്. അതാര്‍ക്കും കഴിക്കാന്‍ കൊടുക്കാറില്ല. ഏതോ കേസിന്റെ കാര്യം സംസാരിക്കാന്‍ എന്ന് പറഞ്ഞ് ക്രൈംബ്രാഞ്ചില്‍ നിന്ന് വിളിച്ചിരുന്നു.അത് ഒരു മാസത്തോളമായി. കേസിന്റെ കാര്യമൊന്നും പറഞ്ഞിട്ടില്ല. ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുമില്ല. ഇങ്ങോട്ടേക്ക് വരുമെന്നാണ് പറഞ്ഞത്. എന്നാല്‍ അത് ഗൗരവമായി എടുത്തിരുന്നില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
റോയിയുടെ ശരീരത്തിലുണ്ടായിരുന്ന തകിടിലൂടെ വിഷം അകത്ത് ചെല്ലാന്‍ സാധ്യതയുണ്ടോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിച്ച് വരികയാണ്. റോയിയുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ജ്യോത്സ്യന്റെ പേരെഴുതിയ പേപ്പര്‍ കണ്ടെത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ടും ചില മൊഴികളുടേയും അടിസ്ഥാനത്തിലുമാണ് ഇയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിച്ചത്.
മുന്‍കൂട്ടി നിശ്ചയിച്ച ചില യാത്രകളിലായതിനാലാണ് ഇന്നലെ താന്‍ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതെ പോയത്. അന്വേഷണവുമായി താന്‍ പൂര്‍ണമായും സഹകരിക്കുമെന്നും ജ്യോത്സ്യന്‍ പറഞ്ഞു.