Asus zenfone max, a power bank

രണ്ടുദിവസം ഫുള്‍ടൈം നെറ്റ് ഉപയോഗിച്ചാലും ബാറ്ററി തീരാത്തൊരു മൊബൈല്‍ ആണോ നിങ്ങള്‍ നോക്കുന്നത്? അതും താരതമ്യേന കുറഞ്ഞവിലയ്ക്ക്? അസുസ് സെന്‍ഫോണ്‍ മാക്‌സ് സ്‌നാപ്ഡ്രാഗണ്‍ 615 നല്ലൊരു ഓപ്ഷന്‍ ആണ്. സെന്‍ഫോണ്‍ മാക്‌സിന്റെ ഹാന്‍ഡ്‌സ് ഓണ്‍ പ്രിവ്യൂ.

അസൂസിന്റെ മികവുറ്റ ഉല്‍പ്പന്നങ്ങളിലൊന്നാണു സെന്‍ഫോണ്‍ മാക്‌സ്. മൂന്നു കോണ്‍ഫിഗറേഷനുകളില്‍ മാക്‌സ് ലഭിക്കും.

Rs.8,999 (2GB RAM/ 16GB Storage/ Snapdragon 410)
Rs.9,999 (2GB RAM/ 32GB Storage/ Snapdragon 615)

Rs.12,999 (3GB RAM/ 32GB Storage/ Snapdragon 615)

ഇതില്‍ 3 ജിബി റാം മോഡലാണു നമ്മള്‍ ടെസ്റ്റ് ചെയ്യുന്നത്

രൂപകല്‍പ്പന

മെറ്റല്‍ ബോഡിയുമായി വരുന്ന മോഡലുകളില്‍നിന്നു വ്യത്യസ്തമാണ് സെന്‍ഫോണ്‍ മാക്‌സ്. പിന്നില്‍ ലെതര്‍ ഫിനിഷ്. ചുറ്റിനുമുള്ള ബെസലിന് മെറ്റല്‍ ഫിനിഷ്. ലെതര്‍ അല്ല, മെറ്റലുമല്ല എന്നാല്‍ ലുക്കിനു കുറവുമില്ല. ബട്ടണുകള്‍ ക്വാളിറ്റിയുള്ളത്.

മറ്റു ചില മോഡലുകള്‍ ഇതേവിലയ്ക്ക് ഫുള്‍എച്ച്ഡി നല്‍കുമ്പോള്‍ സെന്‍ഫോണ്‍ മാക്‌സിന്റെ 5.5 ഇഞ്ച് സ്‌ക്രീന്‍ എച്ച്ഡി ക്വാളിറ്റി മാത്രമേ നല്‍കുന്നുള്ളൂ എന്നൊരു പോരായ്മയുണ്ട്. കോര്‍ണിങ് ഗോറില്ല 4 സംരക്ഷണമുള്ളതാണു സ്‌ക്രീന്‍. സെന്‍ഫോണിന്റെ ഭാരം–202 ഗ്രാം.

ബാറ്ററി

വേണമെങ്കില്‍ മറ്റൊരു ഫോണ്‍ ചാര്‍ജ് ചെയ്യാവുന്ന പവര്‍ബാങ്ക് ആയി ഉപയോഗിക്കാവുന്നതാണ് സെന്‍ഫോണ്‍ മാക്‌സിന്റെ 5000 മില്ലിഎഎച്ച് ബാറ്ററി. അപ്പോള്‍ പിന്നെ ബാറ്ററി ബായ്ക്കപ്പിന്റെ കാര്യം പറയേണ്ടല്ലോ.

ഡാറ്റാ കണക്ഷന്‍ ഓണ്‍ ആക്കിയിട്ട് ഏതാണ്ടു 40 മണിക്കൂര്‍ സെന്‍ഫോണ്‍ മാക്‌സില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചു.സാധാരണ നെറ്റ്, മറ്റു വയര്‍ലെസ് സൗകര്യങ്ങള്‍ എന്നിവ ഉപയോഗിക്കാതെ, ഡിസ്‌പ്ലേ ഓഫ് ചെയ്ത് പരീക്ഷണസാഹചര്യത്തില്‍ 38 ദിവസം ചാര്‍ജ് നിലനില്‍ക്കും എന്നാണു കമ്പനിയുടെ അവകാശവാദം.

അസുസ് മൊബൈല്‍ മാനേജര്‍ എന്ന ആപ്പ് വഴി ബാറ്ററി ബൂസ്റ്റ് ചെയ്യാനും കംപ്യൂട്ടറുകളിലേതുപോലെ വ്യത്യസ്ത പവര്‍മോഡുകള്‍ തിരഞ്ഞെടുക്കാനും കഴിയും. ഇതില്‍ സൂപ്പര്‍സേവിങ് മോഡ് നല്ലൊരു ഫീച്ചര്‍ ആണ്.

ഫോണ്‍ ഈ മോഡില്‍ ആക്കിയാല്‍ ഡാറ്റാ കണക്ഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഓട്ടമാറ്റിക് ആയി ഓഫ് ആകും. എന്നാല്‍ എപ്പോഴെങ്കിലും ബ്രൗസര്‍ തുറന്ന് നെറ്റ് നോക്കുകയാണെങ്കില്‍ ഡാറ്റ കണക്ഷന്‍ ഓണ്‍ ആവുകയും ബ്രൗസര്‍ ക്ലോസ് ചെയ്താല്‍ സൂപ്പര്‍സേവിങ് മോഡിലേക്കു മാറുകയും ചെയ്യും. യാത്രികര്‍ക്ക് ഈ ഫീച്ചര്‍ ഉപകാരപ്പെടും.

എക്‌സെന്‍ഡര്‍ ഉപയോഗിക്കുമ്പോള്‍ ബാറ്ററി ഡ്രൈ ആവാറുണ്ട് എന്നൊരു പരാതി നിലനില്‍ക്കുമ്പോള്‍ സെന്‍ഫോണ്‍ മാക്‌സ് ഇതിനൊരു അപവാദമാണ്.

പെര്‍ഫോമന്‍സ്

ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 എന്ന 64 ബിറ്റ് പ്രൊസസ്സര്‍ ഒരു മടിയും കൂടാതെ മള്‍ട്ടിടാസ്‌കിങ് ചെയ്യും.3 ജിബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറി, 450 മെഗാഹെര്‍ട്‌സ് ക്ലോക്ക് സ്പീഡ് ഉള്ള സിപിയു, മാഷമല്ലോ ഓപ്പറേറ്റിങ് സിസ്റ്റം എന്നിങ്ങനെയാണു സ്‌പെസിഫിക്കേഷന്‍സ്.

ക്യാമറ

13 മെഗാപിക്‌സല്‍ പിന്‍ ക്യാമറ വേഗത്തില്‍ ഫോക്കസ് ചെയ്യുന്നുണ്ട്.ഓട്ടോമാറ്റിക് ഫ്‌ളാഷ് മോഡില്‍ ലെന്‍സ് ഫോക്കസ് ചെയ്യാനായി ഫ്‌ളാഷ് അസിസ്റ്റു ചെയ്യും.

അതുെകാണ്ടുതന്നെ ആദ്യം ഫ്‌ളാഷ് അടിക്കുന്നതിനാല്‍ പടമെടുത്തു എന്നൊരു തെറ്റിദ്ധാരണ ഉണ്ടാവാനിടയുണ്ട്. എന്നാല്‍ ക്യാമറ–ഫ്‌ലാഷ് ഓഫ് മോഡില്‍ ആക്കിയാല്‍ ഫോക്കസിങ് നോര്‍മല്‍ രീതിയിലാണ്.

എഫ് 2.0 അപ്പേര്‍ച്ചര്‍ ഉള്ള ക്യാമറ അല്‍പ്പം ഇരുണ്ടകാഴ്ചയെയും നന്നായി പകര്‍ത്തുന്നുണ്ട്. ഫ്‌ലാഷ് ഓഫ് ചെയ്യുകയാണു നല്ലത്. മാന്വല്‍ മോഡില്‍ പടമെടുക്കുമ്പോള്‍ ഐഎസ്ഒ 50 വരെ താഴ്ത്താവുന്നതാണ്. പ്രഫഷനല്‍ എസ് എല്‍ ആറില്‍ കാണുന്ന സൗകര്യമാണിത്.

നോയ്‌സ് കുറവാകും എന്നതാണു പ്രത്യേകത. ഷട്ടര്‍സ്പീഡ് അടക്കം മാന്വല്‍ ആയി സെറ്റു ചെയ്യാമെന്നത് ക്രിയേറ്റീവ് ഫൊട്ടോഗ്രഫിയെ സഹായിക്കും. സ്‌ക്രീന്‍ ഷോട്ട്– 3 ഉപയോഗിക്കാം.

5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയില്‍ ഒട്ടേറെ ഇന്‍ബില്‍റ്റ് ഫീച്ചറുകള്‍ ഇണക്കിച്ചേര്‍ത്തിട്ടുണ്ട്. ചാടിക്കിടക്കുന്ന കവിള്‍ ചെറുതാക്കാനുള്ളത് അതിലൊന്നാണ്. സെല്‍ഫിഫോട്ടോയില്‍ നോയ്‌സ് കാണുന്നുണ്ട്. തോഷിബയുടെയാണു സെന്‍സര്‍.

വെര്‍ഡിക്ട്

വാട്ട്‌സ്ആപ്പ് ചാറ്റിങ്, ഫുള്‍ടൈം ഫെയ്‌സ്ബുക്കിലെ ആക്ടിവിറ്റി എന്നിവ ഏതു സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താവിന്റെയും ദിനചര്യയായി മാറിയിട്ടുണ്ട്. എന്നാല്‍ അതിനൊത്ത് ബാറ്ററി നില്‍ക്കാത്തു പലര്‍ക്കും നിരാശയുണ്ടാക്കുന്നു.

കൂടെ ഒരു പവര്‍ബാങ്ക് കൊണ്ടുനടക്കേണ്ട സാഹചര്യം സെന്‍ഫോണ്‍ മാക്‌സ് ഇല്ലാതാക്കുന്നു. ഒപ്പം ഒന്നാന്തരം പെര്‍ഫോന്‍സുള്ള ഹൃദയവും ക്യാമറയും ചേരുമ്പോള്‍ അസൂസ് സെന്‍ഫോണ്‍ മാക്‌സ് വിലയ്‌ക്കൊത്ത മൂല്യം തരുന്നു.

Top