2014 ജനവരിയില്‍ ലാസ് വെഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോയിലാണ് അസൂസ് ആദ്യമായി ‘സെന്‍ഫോണ്‍’ എന്ന പേരില്‍ സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിച്ചത്. തുടര്‍ന്നങ്ങോട്ട് ഈ നിരയില്‍ ഒരു ഡസനിലേറെ ഫോണുകള്‍ അസുസ് വിപണിയിലെത്തിച്ചു.
പതിനായിരം രൂപയില്‍ താഴെ വിലവരുന്നവയായിരുന്നു സെന്‍ഫോണ്‍ നിരയിലെ ഫോണുകള്‍. ഇന്ത്യ പോലുള്ള വിപണികളില്‍ മികച്ച സ്വീകാര്യതയാണ് അസുസിന്റെ സെന്‍ഫോണുകള്‍ക്ക് ലഭിച്ചത്.
ഇപ്പോഴിതാ സെന്‍ഫോണ്‍ നിരയിലെ ഏറ്റവും വിലകൂടിയ ഫോണുമായി അസുസ് വീണ്ടും ഇന്ത്യയിലെത്തിയിരിക്കുകയാണ്. സെന്‍ഫോണ്‍ സൂം ( Asus ZenFone Zoom ) എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണ്‍ കഴിഞ്ഞദിവസം ആഗ്രയില്‍ നടന്ന ചടങ്ങില്‍വെച്ച് രാജ്യത്ത് ഔദ്യോഗികമായി അവതരിപ്പിച്ചു. വില 37,999 രൂപ.
പേര് സൂചിപ്പിക്കുംപോലെ ക്യാമറമികവിന് പ്രാധാന്യം നല്‍കുന്ന മോഡലാണിത്. 3എക്‌സ് ഒപ്റ്റിക്കല്‍ സൂമോടു കൂടിയ ലോകത്തെ ഏറ്റവും കനംകുറഞ്ഞ ഫോണാണിതെന്ന് അസുസ് അവകാശപ്പെടുന്നു.
പ്രൊഫഷനല്‍ ക്യാമറകളെ വെല്ലുന്ന ഒപ്ടിക്കല്‍ സൂമോടുകൂടിയ സ്മാര്‍ട്‌ഫോണുകള്‍ ഇതിന് മുമ്പും പല കമ്പനികളും അവതരിപ്പിച്ചിട്ടുണ്ട്. സാംസങിന്റെ ഗാലക്‌സി കെ സൂം തന്നെ മികച്ച ഉദാഹരണം. പക്ഷേ അത്തരം മോഡലുകലെല്ലാം ‘ഫോണ്‍ സൗകര്യത്തോടെയുള്ള ക്യാമറ’കളായിരുന്നു. ആദ്യമായാണ് ‘ഒപ്ടിക്കല്‍ ക്യാമറ സൗകര്യത്തോടുകൂടിയുളള സ്മാര്‍ട്‌ഫോണ്‍’ പുറത്തിറങ്ങുന്നതെന്ന് അസുസ് പറയുന്നു.
ജപ്പാന്‍ കമ്പനിയായ ‘ഹോയ’ നിര്‍മിച്ച 3 എക്‌സ് ഒപ്ടിക്കല്‍ സൂം ലെന്‍സാണ് ഫോണിലുള്ളത്. ദൃശ്യമികവിന് പേരുകേട്ടതാണ് ഹോയയുടെ ലെന്‍സുകള്‍. രണ്ടുവര്‍ഷത്തെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് സെന്‍ഫോണ്‍ സൂമിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് അസുസ് പറയുന്നു. 13 മെഗാപിക്‌സലിന്റെ പിന്‍ക്യാമറയും അഞ്ച് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമാണ് ഫോണിലുള്ളത്.