തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ മകളെ പൊന്നുപോലെ നോക്കാം എന്നു വാഗ്ദാനം നൽകിയാണ് കൊല്ലം ശൂരനാട് സ്വദേശി അശ്വതി അച്ചു എന്ന അശ്വതി 68 വയസ്സുകാരന്റെ പണം തട്ടിയെടുത്തത്. പ്രായമായ ആളായതിനാൽ ‘പണി കൊടുക്കാൻ’ എളുപ്പമായതിനാലാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് അശ്വതി ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു.
പൊലീസുകാരെ സ്ഥിരമായി ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടുന്നതായി അശ്വതിക്കെതിരെ പരാതികളുണ്ടായിരുന്നു. ഇപ്പോൾ ഒരു കേസ് മാത്രമാണ് അശ്വതിക്കെതിരെ ഉള്ളത്. ബാക്കി കേസുകളെല്ലാം ഒത്തുതീർപ്പിലെത്തുകയോ മാനഹാനി ഭയന്ന് പിൻവലിക്കുകയോ ചെയ്തു. ആദ്യമായാണ് അശ്വതി അച്ചു അറസ്റ്റിലാകുന്നത്. ഇന്നു കോടതിയിൽ ഹാജരാക്കും.
ഭാര്യ മരിച്ച പൂവാർ പാമ്പുകാല സ്വദേശിയായ മധ്യവയസ്കനാണ് തട്ടിപ്പിനിരയായത്. ഭിന്നശേഷിക്കാരിയായ മകളെ നോക്കാൻ ഒരു സ്ത്രീയെ വേണമെന്ന് ഇയാൾ സുഹൃത്തായ മോഹനനോട് പറഞ്ഞിരുന്നു. മോഹനനു ജോലിക്കാരെ ഏർപ്പാട് ചെയ്യുന്ന ജോലിയുണ്ട്. മോഹനന് അശ്വതി അച്ചുവിനെ പരിചയമുണ്ടായിരുന്നു, തട്ടിപ്പുകളും അറിയാമായിരുന്നു. വിവാഹം കഴിക്കാമെന്നും കുട്ടിയെ നന്നായി നോക്കാമെന്നും അശ്വതി മധ്യവയസ്കനോട് പറഞ്ഞു.
തനിക്ക് കടബാധ്യതയുണ്ടെന്നും അതു തീർത്താലേ കല്യാണം നടക്കൂ എന്നും അശ്വതി പറഞ്ഞതനുസരിച്ച് ആദ്യം 25,000 രൂപ നൽകി. പണം വാങ്ങിയശേഷം കുറച്ചു ദിവസം അശ്വതിയെക്കുറിച്ച് വിവരമില്ലായിരുന്നു. പിന്നീട് പൂവാറിൽ കല്യാണ റജിസ്ട്രേഷനായി എത്തിയപ്പോഴും പണം ആവശ്യപ്പെട്ടു. 15,000 രൂപ വീണ്ടും അശ്വതിക്ക് നൽകി. ഇതിനുശേഷം ഫോട്ടോ എടുത്തിട്ട് വരാമെന്നു പറഞ്ഞ് അശ്വതി മുങ്ങുകയായിരുന്നു. തുടർന്ന്, മധ്യവയസ്കൻ പരാതി നൽകി.
വിവാഹ റജിസ്ട്രേഷനായി ആധാർ കാർഡിന്റെ പകർപ്പ് നൽകിയിരുന്നു. മുൻപും തട്ടിപ്പ് നടത്തിയ അശ്വതി അച്ചുവാണ് പ്രതിയെന്നു അന്വേഷണത്തിൽ വ്യക്തമായി. പൊലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ കൊല്ലത്താണെന്നായിരുന്നു മറുപടി. സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള പരിശോധനയിൽ മുട്ടടയിലെ ഫ്ലാറ്റിൽനിന്ന് അശ്വതിയെ അറസ്റ്റു ചെയ്തു. ആദ്യം കുറ്റം സമ്മതിക്കാൻ അശ്വതി തയാറായില്ല. വണ്ടിക്കൂലിക്കായി 1000 രൂപയാണ് വാങ്ങിയതെന്നും ബന്ധം ഇഷ്ടപ്പെടാത്തതിനാൽ പിൻവാങ്ങിയെന്നുമാണ് പൊലീസിനോട് പറഞ്ഞത്.
പണം പിൻവലിച്ചതിന്റെയും കൈമാറിയതിന്റെയും രേഖകൾ പൊലീസ് ശേഖരിച്ചിരുന്നു. പരാതിക്കാരൻ പറഞ്ഞ സ്ഥലങ്ങളിലെല്ലാം അശ്വതി എത്തിയതിന്റെ ഫോൺ രേഖകളും പൊലീസിന്റെ കയ്യിലുണ്ടായിരുന്നു. ഇതു കാണിച്ചതോടെ അശ്വതി കുറ്റം സമ്മതിച്ചു. പ്രായമായ ആളായതിനാൽ പറ്റിക്കാൻ എളുപ്പമാണെന്നു കരുതിയതായും പരാതി നൽകുമെന്ന് വിചാരിച്ചില്ലെന്നും അശ്വതി പറഞ്ഞു.
പൊലീസുകാരെ കുടുക്കിയ നിരവധി ഹണിട്രാപ്പ് പരാതികൾ ഉണ്ടായിരുന്നെങ്കിലും ആദ്യമായാണ് അശ്വതി അറസ്റ്റിലാകുന്നത്. പൊലീസുകാരായിരുന്നു അശ്വതിയുടെ കെണിയിൽ കുടുങ്ങിയവരിൽ അധികവും. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുന്ന പൊലീസുകാരെ കെണിയിൽ കുടുക്കുന്നതാണ് രീതി. പിന്നീട് പണത്തിനായി ഭീഷണിപ്പെടുത്തും. തനിക്കെതിരെ പരാതി നൽകുന്നവർക്കെതിരെ പീഡന പരാതി നൽകും. ഇതോടെ പൊലീസുകാർ കേസ് പിൻവലിക്കും.
ഡിവൈഎസ്പിയും എസ്ഐയും ഉൾപ്പെടെയുള്ള പൊലീസുകാർ അശ്വതിയുടെ കെണിയിൽ കുടുങ്ങിയിട്ടുണ്ട്. അശ്വതിയും രാഷ്ട്രീയപ്രവർത്തകരും പൊലീസുകാരുമായുള്ള വിവിധ ഫോൺ സംഭാഷണങ്ങൾ വർഷങ്ങൾക്കു മുൻപ് പുറത്തു വന്നിരുന്നു. കൊല്ലം റൂറലിലെ എസ്ഐയുടെ പരാതിയിൽ അശ്വതിക്കെതിരെ കേസ് എടുത്തിരുന്നു. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങൾ തട്ടിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. ഈ കേസ് മുന്നോട്ടുപോയില്ല.