അശ്വതി ബാബു ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്നത് കൊച്ചിയിലെ വന്‍കിട ബേക്കറികളിലും ഹോട്ടലുകളിലും വച്ച്

കൊച്ചി: മയക്കുമരുന്ന് കേസില്‍ പിടിയിലായ സീരിയല്‍ നടി അശ്വതി ബാബു ഇടപാടുകള്‍ നടത്തിയിരുന്നത് കൊച്ചിയിലെ ബേക്കറികളിലും വന്‍കിട ഹോട്ടലുകളിലും വച്ച്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആരും സംശയിക്കാതിരിക്കാനായി നടി ബേക്കറികളിലും വന്‍കിട ഹോട്ടലുകളിലും വച്ച് ലഹരി മരുന്ന് ഇടപാടുകള്‍ നടത്തിയിരുന്നതെന്ന് തെളിഞ്ഞത്.

ബാംഗ്ലൂരിലുളള ഇടുക്കി സ്വദേശിയാണ് ഇവര്‍ക്ക് മയക്കുമരുന്ന് കൈമാറിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇടപാടുകാരുമായി മൊബൈല്‍ഫോണില്‍ നടത്തിയ സംഭാഷണങ്ങളും പൊലിസിന് ലഭിച്ചു.

കോട്ടയം സ്വദേശിയായ അശ്വതി ബാബുവിന്റെ ഡ്രൈവറാണ് ബംഗളുരുവില്‍നിന്ന് ലഹരിമരുന്ന് കൊച്ചിയില്‍ എത്തിച്ചിരുന്നത്. അശ്വതിയുടെ അംഗരക്ഷകനായും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കുകയും അതോടൊപ്പം വിതരണം ചെയ്യുകയും ചെയ്തിരുന്ന അശ്വതി വാട്‌സാപ് ശബ്ദസന്ദേശങ്ങളിലൂടെയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നതെന്നും പൊലീസ് പറയുന്നു.

മരുന്ന് വേണ്ടവര്‍ നടിയുടെ അക്കൗണ്ടിലേക്ക് പണം അയക്കണം ബാംഗ്ലൂര് നിന്ന് കൊച്ചിയിലെത്തിക്കുന്ന മരുന്ന് ചെറുപായ്ക്കറ്റുകളാക്കി ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ നഗരത്തിലെ മുന്തിയ ബേക്കറികളിലും ഹോട്ടലുകളിലുംവച്ച് ആവശ്യക്കാര്‍ക്ക് കൈമാറുകയാണ് ചെയ്തിരുന്നതെന്നും അന്വേഷണസംഘം പറയുന്നു.

Top