നാടക സംഘത്തിന് പിഴയിട്ടത് 24,000 രൂപയല്ല, വെറും 4800 രൂപ; വ്യക്തമാക്കി അധികൃതര്‍

തൃശ്ശൂര്‍: നാടകസംഘത്തിന്റെ വാഹനത്തിന് ‘അമിത പിഴ’ ചുമത്തിയ മോട്ടോര്‍ വാഹന വകുപ്പിനെതിരെവിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ വിശദാംശങ്ങളുമായി അധികൃതര്‍. ഈ പ്രചരിക്കുന്നത് വാസ്തവമല്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വിശദീകരിക്കുന്നത്. വാഹനത്തില്‍ ബോര്‍ഡ് വച്ചതിന് ആലുവ അശ്വതി തീയേറ്റേഴ്‌സിന് മോട്ടോര്‍ വാഹന വകുപ്പ് 24000 രൂപ പിഴ ഇട്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ കാര്യം പൂര്‍ണ്ണമായി അറിയാതെയാണ് മോട്ടോര്‍ വാഹന വകുപ്പിന് നേരെ വാളെടുക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

ആലുവ അശ്വതി തീയേറ്റേഴ്‌സിന് മോട്ടോര്‍ വാഹന വകുപ്പ് 24000 രൂപയല്ല 4800 രൂപയാണ് പിഴയിട്ടത് എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ട്രൂപ്പിന്റെ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാന്‍ ഒരു വര്‍ഷത്തേക്കുള്ള ഫീസ് ആണിതെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞു. വാഹനത്തിന്റെ മുകളില്‍ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

ചാവക്കാട് കല്ലുങ്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ‘കുഞ്ഞനന്തന്റെ കുഞ്ഞുലോകം’ എന്ന നാടകം അവതരിപ്പിക്കാന്‍ പോയതായിരുന്നു സംഘം. പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷീബ വാഹനത്തിന് ആദ്യം 500 രൂപ പിഴ ചുമത്തി.

വാഹനത്തിന് മുകളിലുണ്ടായിരുന്ന ബോര്‍ഡ് ഇത്തരത്തില്‍ ഉപയോഗിക്കാന്‍ പ്രത്യേക അനുമതി വേണമെന്നും അഴിഞ്ഞുവീണ് അപകടമുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ അഴിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടു. ഇതില്‍ നാടകസംഘം എതിര്‍പ്പുയര്‍ത്തയതോടെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ബോര്‍ഡ് അളന്ന് 24000 സ്‌ക്വയര്‍ സെന്റീമീറ്റര്‍ ഉണ്ടെന്നും 4800 രൂപ അടക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.

Top