കൊച്ചി: ദേശീയ പാതകളിലെ ടോള്‍ ബൂത്തുകളില്‍ ടോള്‍ കളക്ഷന്‍ ക്യൂവില്‍ ഒരേ സമയം അഞ്ചു വാഹനങ്ങളില്‍ കൂടുതല്‍ കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
നിരവധി വാഹനങ്ങള്‍ ഒരേ സമയം ടോള്‍ നല്‍കാന്‍ കാത്തുകിടക്കുന്നത് യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായി കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹനദാസ് ചൂണ്ടിക്കാട്ടി. ആലുവ സൗത്ത് വാഴക്കുളം സ്വദേശി പി.ബി. സത്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
ക്യൂ ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് കമ്മീഷന്‍ റവന്യൂ സെക്രട്ടറിക്ക് ഉത്തരവു നല്‍കി. പാലിയേക്കര ടോള്‍ ബൂത്തില്‍ ഒരു കാരണവശാലും അഞ്ചില്‍ കൂടുതല്‍ വാഹനങ്ങള്‍ ക്യൂവിലുണ്ടാകരുതെന്ന് കമ്മീഷന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ഇവിടെ ഒരേ സമയം അഞ്ചില്‍ കൂടുതല്‍ വാഹനങ്ങള്‍ ക്യൂവില്‍ കിടക്കുന്ന സാഹചര്യമുണ്ടായാല്‍ വാഹനങ്ങള്‍ കടത്തി വിടണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.