ഭുവനേശ്വര്‍: മുസ്ലീങ്ങളില്‍ കൂടുതല്‍ പിന്നോക്കം നില്‍ക്കുന്നവരെ വിവിധ മേഖലകളില്‍ കൂടുതല്‍ പരിഗണിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
പിന്നോക്കക്കാര്‍ക്ക് ഭരണഘടന പ്രകാരം ലഭിക്കേണ്ട അവസരങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി പ്രത്യേക കമ്മീഷന്‍ രൂപീകരിക്കുന്ന കാര്യം നിര്‍വാഹക സമിതിയോഗം ചര്‍ച്ച ചെയ്തിരുന്നു. അപ്പോഴാണ് മോദി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
യോഗത്തില്‍ ഭരണഘടനാ പദവിയുള്ള കമ്മീഷന്‍ രൂപീകരിക്കാനുള്ള ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. 1993ല്‍ രൂപീകരിച്ച പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള ദേശീയ കമ്മീഷനെ പൊളിച്ചെഴുതുന്ന ബില്ലിനെക്കുറിച്ചാണ് ബിജെപി യോഗത്തില്‍ ചര്‍ച്ചചെയ്തത്.
നിലവില്‍ ലോക്‌സഭ പാസാക്കിയ ബില്ല് രാജ്യസഭയില്‍ പ്രതിപക്ഷ നിസഹകരണത്തെ തുടര്‍ന്ന് തടസപ്പെട്ടിരിക്കുകയാണ്.
ഏതെങ്കിലും സമുദായത്തെ പിന്നോക്ക വിഭാഗമായി പ്രഖ്യാപിക്കാന്‍ പാര്‍ലമെന്റിന് അധികാരം നല്‍കുന്നതാണ് പുതിയ ബില്ല്. ഇത് പാസാക്കുന്നതിനെതിരെ നിലപാടെടുത്ത പ്രതിപക്ഷത്തെ യോഗം വിമര്‍ശിച്ചു.
ഒബിസി വിഭാഗക്കാര്‍ 30 വര്‍ഷമായി ഒരു കമ്മീഷന്‍ വേണമെന്ന ആവശ്യം ഉന്നയിക്കുന്നു. എന്നാല്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ഇക്കാര്യം നടപ്പിലാക്കിയിരുന്നില്ലെന്നും ബിജെപി കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെ സെലക്ട് കമ്മിറ്റിക്ക് വിട്ട നടപടിയെയും യോഗം വിമര്‍ശിച്ചു.