അലഹബാദ്: കാശി ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദു വിഭാഗത്തിന് പൂജ തുടരാം. പൂജ നടത്തുന്നത് തടയണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ധൃതി പിടിച്ച് ഉത്തരവ് നടപ്പാക്കിയെന്ന മുസ്ലിം വിഭാഗത്തിന്റെ വാദങ്ങള്‍ തള്ളിയ കോടതി, പൂജയ്ക്ക് ഇടക്കാല സ്റ്റേ നല്‍കണമെന്ന ആവശ്യം അംഗീകരിച്ചില്ല. കേസില്‍ ജില്ലാ കോടതി ഉത്തരവിനെതിരെയുള്ള അപ്പീല്‍ എന്ന രീതിയില്‍ ഹര്‍ജിയില്‍ ഭേദഗതി വരുത്താന്‍ പള്ളിക്കമ്മറ്റിക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഒപ്പം ഗ്യാന്‍വാപി പള്ളിയിലും സമീപ പ്രദേശങ്ങളിലും ക്രമസമാധാനം ഉറപ്പിക്കാന്‍ ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
മുന്‍പ് 1993ല്‍ റീസീവര്‍ ഭരണത്തിന് പിന്നാലെയാണ് അന്നത്തെ മുലായം സിംഗ് സര്‍ക്കാര്‍ പൂജകള്‍ വിലക്കിയത്. പൂജക്ക് അനുമതി നല്‍കിയതിനെതിരെ മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതിന് മുമ്പ് പൂജ പൂര്‍ത്തിയാക്കിയിരുന്നു. അപ്പീല്‍ അടിയന്തരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് അലഹബാദ് ഹൈക്കോടതിയില്‍ മുസ്സീം വിഭാഗത്തിന്റെ ഹര്‍ജി എത്തിയത്. ജില്ലാ കോടതി വിധിക്കെതിരെ അടിയന്തര വാദത്തിന് സുപ്രിം കോടതിയെ മുസ്ലീം വിഭാഗം ആദ്യം സമീപിച്ചിരുന്നു. എന്നാല്‍ വിധിക്കെതിരെ ഹൈക്കോടതിയില്‍ പോകാനാണ് രജിസ്ട്രി നിര്‍ദേശം നല്‍കിയത്. ഗ്യാന്‍വാപി വിഷയത്തില്‍ യുപി ഭരണകൂടത്തിന്റെ ഇടപെടല്‍ വ്യക്തമാക്കുന്നതാണ് ജില്ലാ മജിസ്‌ട്രേറ്റ് പൂര്‍ജയ്ക്ക് തിടുക്കത്തില്‍ സൗകര്യം ഒരുക്കിയ നടപടി.
ജില്ലാ കോടതി ഉത്തരവ് വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടന്നത്. കാശി വിശ്വനാഥ ട്രസ്റ്റ് നിയോഗിച്ച പൂജാരിയാണ് തെക്കു വശത്തെ നിലവറയില്‍ പൂജ നടത്തിയത്. പൂജയ്ക്കുള്ള സൗകര്യം ഒരുക്കാന്‍ ഒരാഴ്ചത്തെ സമയം കോടതി വാരാണസി ജില്ലാ മജിസ്‌ട്രേറ്റിന് നല്‍കിയിരുന്നു. എന്നാല്‍ ഒറ്റ രാത്രി കൊണ്ട് ഇതിന് സൗകര്യം ഒരുക്കി നല്‍കി മജിസ്‌ട്രേറ്റ് രാവിലെ പൂജയ്ക്ക് അനുവാദം നല്കി. ആരാധനയ്ക്ക് കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയത്. മുപ്പത് വര്‍ഷത്തിന് ശേഷമാണ് ഇവിടെ പൂജ ചടങ്ങുകള്‍ നടന്നത്.വാരാണസി ജില്ലാ കോടതി ഉത്തരവ് പ്രകാരം ഇന്നും പള്ളിയുടെ തെക്ക് ഭാഗത്തുള്ള നിലവറകളില്‍ പൂജ നടത്തി. ഗ്യാന്‍വാപിയില്‍ നീതി നടപ്പാക്കണം, 1991ലെ ആരാധാനാലയ നിയമം സംരക്ഷിക്കണം എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി ലീഗ് എംപിമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ നടത്തി.