നവകേരള സദസിന് ഫണ്ട് അനുവദിച്ച് കണ്ണൂര്‍ ശ്രീകണ്ഠപുരം ഭരിക്കുന്ന നഗരസഭ. കണ്ണൂരില്‍ യുഡിഎഫ് ഭരിക്കുന്ന നഗരസഭയാണ് തുക അനുവദിച്ചത്. യുഡിഎഫ് ബഹിഷ്‌കരണം മറികടക്കാനായിരുന്നു നഗരസഭയുടെ തീരുമാനം.
കണ്ണൂര്‍ ശ്രീകണ്ഠാപുരം നഗരസഭ 50,000 രൂപയാണ് അനുവദിച്ചത്. 18 യുഡിഎഫ് അംഗങ്ങളില്‍ 17 പേരും തീരുമാനത്തെ പിന്തുണച്ചു. ഒരാള്‍ മാത്രമാണ് എതിര്‍ത്തത്. വിഷയത്തില്‍ നേതൃത്വം ഇടപെട്ടതോടെ തീരുമാനം പിന്‍വലിക്കാന്‍ ധാരണയായി. തീരുമാനം പിന്‍വലിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി ഫിലോമിന പറഞ്ഞു. ചൊവ്വാഴ്ച ഇതിനായി പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചു. പിരിവ് നല്‍കേണ്ടതില്ലെന്ന പാര്‍ട്ടിയുടെ അറിയിപ്പ് ശനിയാഴ്ചയാണ് ലഭിച്ചതെന്നും അത് അനുസരിക്കുമെന്നും നഗരസഭ അധ്യക്ഷ വ്യക്തമാക്കി.
പഞ്ചായത്തുകള്‍ക്ക് 50,000 രൂപ വരെയും നഗരസഭകള്‍ക്ക് ഒരു ലക്ഷം രൂപ വരെയുമാണ് അനുവദിക്കാന്‍ കഴിയുക. നവകേരള സദസിന് തദ്ദേശസ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി നേരത്തെ ഉത്തരവിറക്കിയിരുന്നു.