മീററ്റിലെ ആശുപത്രിയില്‍ ഇനിമുതല്‍ ഏഴ് വ്യത്യസ്ത നിറങ്ങളിലെ ഹിന്ദു ബെഡ്ഷീറ്റ്

ഉത്തര്‍പ്രദേശ്: മീററ്റിലെ പിഎല്‍ ശര്‍മ ജില്ലാ ആശുപത്രിയില്‍ ഏഴ് വ്യത്യസ്ത നിറങ്ങളിലുള്ള ‘ഹിന്ദു’ ബെഡ്ഷീറ്റ് ഉപയോഗിക്കാന്‍ തീരുമാനം. ആശുപത്രിയില്‍ ഒരാഴ്ചയിലെ ഓരോ ദിവസവും ഓരോ ഹിന്ദു ദൈവത്തെ പ്രതിനിധീകരിക്കുന്ന, നിറങ്ങളുള്ള ബെഡ്ഷീറ്റ് ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഓരോ ദിവസവും ഓരോ നിറം ഉപയോഗിക്കുന്നത് ഓരോ ഹിന്ദു ദൈവങ്ങളെ പറ്റി രോഗികളെ ഓര്‍മ്മിപ്പിക്കാനാണ്. തിങ്കളാഴ്ച വെള്ള നിറത്തിലുള്ള ബെഡ് ഷീറ്റാണ് ഉപയോഗിക്കുക, ശിവനുമായി ബന്ധപ്പെട്ട നിറമാണ് വെള്ള. ചൊവ്വാഴ്ച ഓറഞ്ച് ബെഡ്ഷീറ്റാണ് വിരിക്കുക, ഇത് ബജ്‌റംഗ് ബലി ഹനുമാനുമായി ബന്ധപ്പെട്ട നിറമാണ്.

ബുധനാഴ്ച ബുദ്ധനുവേണ്ടി പച്ച നിറത്തിലുള്ള ബെഡ്ഷീറ്റ് വിരിക്കും. വ്യാഴാഴ്ച മഞ്ഞ നിറം, സായിബാബയെ പ്രതിനിധീകരിക്കുന്നതാണ് മഞ്ഞനിറം. ശനിദേവന്റെ നീല നിറത്തിലുള്ള ബെഡ്ഷീറ്റാണ് ശനിയാഴ്ചയ്ക്ക് നല്‍കിയിരിക്കുന്നത്. പര്‍പ്പിള്‍, പിങ്ക് നിറങ്ങളാണ് വെള്ളിയാഴ്ചയിലും ഞായറാഴ്ചയിലും ഉപയോഗിക്കുക.

‘ഓപ്പറേഷന്‍ ഇന്ദ്രധനുഷ്’ എന്ന് പേരിട്ട പദ്ധതി പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് ക്യാംപെയിന്റെ ഭാഗമാണ്. വിബ്‌ജ്യോര്‍ അനുസരിച്ചുള്ള ബെഡ്ഷീറ്റുകള്‍ ഉപയോഗിക്കണമെന്ന് പദ്ധതി എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top