മാഞ്ചസ്റ്റര്‍: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിനൊപ്പം ചേര്‍ന്നു. ശനിയാഴ്ച ന്യൂകാസില്‍ യുണൈറ്റഡിനെതിരെ ആയിരിക്കും മടങ്ങിവരവില്‍ റൊണാള്‍ഡോയുടെ ആദ്യ മത്സരം എന്നാണ് സൂചന.
പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ മടങ്ങിയെത്തിയിരിക്കുന്നത്. രണ്ടാംവരവില്‍ ആദ്യം കോച്ച് ഒലേ സോള്‍ഷെയറുമായി കൂടിക്കാഴ്ച നടത്തി. യുണൈറ്റഡില്‍ റൊണാള്‍ഡോയുടെ സഹതാരമായിരുന്ന സോള്‍ഷെയര്‍ ഇപ്പോഴത്തെ താരങ്ങളെ പരിചയപ്പെടുത്തി. തുടര്‍ന്നാണ് സിആര്‍7 യുണൈറ്റഡ് താരങ്ങള്‍ക്കൊപ്പം പരിശീലനം തുടങ്ങിയത്.
ഇറ്റാലിയന്‍ ക്ലബ് യുവന്റസിന്റെ താരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ട്രാന്‍സ്ഫര്‍ ജാലകം അടയ്ക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ യുണൈറ്റഡുമായി കരാറിലെത്തുകയായിരുന്നു. യുണൈറ്റഡുമായി രണ്ട് വര്‍ഷത്തേക്കാണ് റോണോയുടെ കരാര്‍. ഏഴാം നമ്പര്‍ കുപ്പായത്തില്‍ യുണൈറ്റഡിന്റെ പ്രതാപം വീണ്ടെടുക്കാനിറങ്ങുന്ന റൊണാള്‍ഡോ ആദ്യ ഊഴത്തില്‍ ക്ലബിനായി 292 കളിയില്‍ 118 ഗോള്‍ നേടിയിട്ടുണ്ട്.
📨 𝗜𝗻𝗰𝗼𝗺𝗶𝗻𝗴: Tuesday's training footage…#MUFC pic.twitter.com/l8x3xZrTso
— Manchester United (@ManUtd) September 7, 2021
ക്രിസ്റ്റ്യാനോയുടെ ജേഴ്സി നമ്പര്‍ സംബന്ധിച്ച് അനിശ്ചിതത്വങ്ങളുണ്ടായിരുന്നെങ്കിലും വിദഗ്ധമായി ഇതിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മറികടന്നിരുന്നു. പ്രീമിയര്‍ ലീഗ് നിയമങ്ങള്‍ സിആര്‍7ന് വെല്ലുവിളിയായേക്കുമെന്നായിരുന്നു ആശങ്ക. എന്നാല്‍ എഡിസണ്‍ കവാനി 21-ാം നമ്പറിലേക്ക് മാറുന്നതോടെ ഒഴിവ് വരുന്ന ഏഴാം നമ്പര്‍ ജേഴ്സി ക്രിസ്റ്റ്യാനോയ്ക്ക് യുണൈറ്റഡ് നല്‍കുകയായിരുന്നു.