ഇന്ത്യയെ ആണവ ശക്തിയാക്കി ഞെട്ടിച്ച മുൻ പ്രധാനമന്ത്രി വാജ്പേയി വിടവാങ്ങി . . .

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയി (93) അന്തരിച്ചു.

ഡല്‍ഹി എയിംസില്‍ വൈകിട്ടോടെയായിരുന്നു അന്ത്യം. ഏറെക്കാലമായി ആരോഗ്യസ്ഥിതി മോശമായിരുന്ന വാജ്‌പേയിയെ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ മൂത്രാശയ സംബന്ധമായ അണുബാധയുള്ളതായി വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഇരു വൃക്കകളുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം തീര്‍ത്തും മോശമായിരുന്നു. ഇന്ന് ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

2009 ല്‍ പക്ഷാഘാതം പിടിപെട്ടിരുന്നു ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആഗോഗ്യസ്ഥിതി വളരെ മോശമായി. പന്നീട് അള്‍ഷിമേഴ്‌സും ബാധിച്ചു. അസുഖബാധിതനായതോടെ ഏറെക്കാലമായി പൊതുവേദികളില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ 10ാമത്തെ പ്രധാനമന്ത്രിയായിരുന്നു അടല്‍ ബിഹാരി വാജ്‌പേയി. 1924 ഡിസംബര്‍ 25ന് മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് അദ്ദേഹം ജനിച്ചത്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ അദ്ദേഹം മൂന്ന് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 1996 മെയ് 16ന് പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭ 13 ദിവസത്തിനു ശേഷം രാജിവെച്ചു. 1998ല്‍ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 1999ല്‍ എ. ഐ. എ. ഡി. എം. കെ പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് നടന്ന വിശ്വാസവോട്ട് അതിജീവിക്കാന്‍ കഴിഞ്ഞില്ല. 1999ല്‍ നടന്ന പൊതുതിരഞ്ഞടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ ഭൂരിപക്ഷം നേടിയപ്പോള്‍ വീണ്ടും പ്രധാനമന്ത്രിയായി. 2004ലെ പൊതുതിരഞ്ഞെടുപ്പ് വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. ജവഹര്‍ലാല്‍ നെഹ്രുവിനു ശേഷം തുടര്‍ച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ് വാജ്‌പേയി. പൊഖ്‌റാന്‍ ആണവ പരീക്ഷണവും (മേയ് 1998) കാര്‍ഗില്‍ യുദ്ധവും 2001ലെ പാര്‍ലമെന്റ് ആക്രമണവും നടന്നത് വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു.

Top